കൊച്ചിൻ ഫ്ലവർഷോയ്ക്കു 22ന് പൂവിടരും; പുതുമയായി ഡാൻസിങ് ക്രിസ്മസ് ട്രീ
Mail This Article
കൊച്ചി ∙ കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് നാളെ തുടക്കം. മേളയിലെ 75 അടി ഉയരമുള്ള ഡാൻസിങ് ക്രിസ്മസ് ട്രീ ഗിന്നസ് റെക്കോർഡിൽ ഇടം പിടിക്കുമെന്ന് ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള പറഞ്ഞു. അലങ്കാരങ്ങളോടെ ക്രിസ്മസ് ട്രീയുടെ പല തട്ടിൽ നൃത്തം ചെയ്യുന്ന നർത്തകരാണു ഡാൻസിങ് ട്രീയുടെ പ്രത്യേകത. ‘കൊച്ചിൻ ഫ്ലവർ ഷോ അറ്റ് മറൈൻഡ്രൈവ്’ എന്ന പേരിലുള്ള മേള മറൈൻഡ്രൈവ് മൈതാനത്തു നാളെ മുതൽ ജനുവരി ഒന്നു വരെയാണ്. നാളെ 5.30നു മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. പുഷ്പാലങ്കാര പവിലിയൻ ഉദ്ഘാടനം ഹൈബി ഈഡൻ എംപിയും പൂച്ചെടി പ്രദർശന പവിലിയൻ ഉദ്ഘാടനം ടി.ജെ. വിനോദ് എംഎൽഎയും നിർവഹിക്കും.
ജില്ലാ അഗ്രി ഹോർട്ടികൾചറൽ സൊസൈറ്റിയും ജിസിഡിഎയും ചേർന്നാണു ഫ്ലവർ ഷോ നടത്തുന്നത്. 5000 ചതുരശ്രയടിയിൽ ഒരുക്കുന്ന പുഷ്പാലങ്കാരം, വെജിറ്റബിൾ കാർവിങ് എന്നിവ കൂടാതെ 38,000 ചതുരശ്രയടിയിൽ പൂച്ചെടികളുടെ പ്രദർശനവും ഒരുക്കുമെന്നു ഹോർട്ടികൾചർ സൊസൈറ്റി സെക്രട്ടറി ടി.എൻ. സുരേഷ് പറഞ്ഞു. പൂവിട്ട 5000 ഓർക്കിഡുകൾ, 6 നിറങ്ങളിൽ പൂവിട്ട 1000 ലിലിയം ചെടികൾ, 1200ൽ അധികം അഡീനിയം, ഒരു ചെടിയിൽ 5 നിറങ്ങളിലെ പൂക്കളുള്ള 100 ബൊഗേൻവില്ല ചെടികൾ, മിനിയേച്ചർ ആന്തൂറിയം, പ്രാണിപിടിയൻ ചെടികൾ, 20 നഴ്‌സറികൾ, പാഴ്‌വസ്തു പുനരുപയോഗത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ കോളജുകൾക്കും സ്‌കൂളുകൾക്കുമായി പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചുള്ള ഇൻസ്റ്റലേഷൻ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ നയിക്കുന്ന അഗ്രി ക്ലിനിക്, സെൽഫി ഫൊട്ടോ ബൂത്തുകൾ, കേന്ദ്ര സർക്കാർ സ്ഥാപന സ്റ്റാളുകൾ, ഗൃഹോപകരണ സ്റ്റാളുകൾ, ഫുഡ്കോർട്ട് തുടങ്ങിയവ മേളയിലുണ്ടാകുമെന്നു ജിസിഡിഎ സെക്രട്ടറി ടി.എൻ. രാജേഷ് അറിയിച്ചു.
പുഷ്പമേളയുടെ ഭാഗമായി 3 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 29നു ഫ്ലവർ പ്രിൻസ്, പ്രിൻസസ് മത്സരം നടത്തും. ഫോർട്ട്‌കൊച്ചി സെന്റ് പോൾ പബ്ലിക് സ്‌കൂളാണു മത്സരം നടത്തുക. ദിവസവും കലാപരിപാടികളുണ്ടാകും. പുതുവത്സരത്തിന്റെ ഭാഗമായി മെഗാഷോ നടത്തും. പ്രദർശന സമയം: 9 മുതൽ 9 വരെ. ടിക്കറ്റ് നിരക്ക്: മുതിർന്നവർക്കു 100 രൂപ, കുട്ടികൾക്ക് 50 രൂപ.