'ഉമ' ഇനി തീൻമേശയിലെത്തുക ബഹിരാകാശ സാങ്കേതിക വിദ്യയോടെ
Mail This Article
പനങ്ങാട് ∙ മലയാളികളുടെ പ്രിയപ്പെട്ട കുട്ടനാടൻ ഉണ്ട അരി 'ഉമ' ഇനി തീൻമേശയിലെത്തുന്നത് ബഹിരാകാശ സാങ്കേതിക വിദ്യയുടെ കൂടി സഹായത്തോടെ. ഉമയുടെ പരിപാലനത്തിന് സ്പെക്ടറൽ ലൈബ്രറി വികസിപ്പിക്കുന്നതിൽ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയും (കുഫോസ്) കോഴിക്കോട്ടെ ജല വിഭവ വികസന വിനിയോഗ കേന്ദ്രവും (സിഡബ്ല‌്യുആർഡിഎം) വിജയിച്ചു. ബഹിരാകാശ സാങ്കേതിക വിദ്യയായ 'റിമോട്ട് സെൻസിങ്' ഉപയോഗിച്ചാണ് ലൈബ്രറി വികസിപ്പിച്ചത്.
കേരളത്തിൽ എവിടെ ഉമ നെൽക്കൃഷി ഉണ്ടെങ്കിലും സ്പെക്ടറൽ ലൈബ്രറിയിലൂടെ അറിയാനാകും. നെൽച്ചെടിയുടെ വളർച്ച കുറവ്, രോഗബാധ, വയലിലെ ജല ലഭ്യത, നെല്ലിന്റെ മൂപ്പ്, പാകമെത്തുമ്പോൾ ലഭിക്കുന്ന വിളവിന്റെ അളവ് എന്നിവ മുൻകൂട്ടി കണ്ടെത്താനും വേണ്ട ഇടപെടലുകൾ നടത്താനും പ്രതിവിധി ചെയ്യാനുമാകും. കൃഷിച്ചെലവ് വലിയ തോതിൽ കുറയ്ക്കാൻ ഈ സങ്കേതം കൊണ്ട് കഴിയും.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ 83.5 ലക്ഷം രൂപ സഹായത്തോടെ വയനാട്, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ പാടങ്ങളിൽ 2015 മുതൽ നടത്തിയ ഗവേഷണ ഫലമാണിപ്പോൾ പുറത്തു വന്നിട്ടുള്ളത്. 'ഉമ'യ്ക്കൊപ്പം ആതിര, കാഞ്ചന, ഗോപിക എന്നീ വിത്തിനങ്ങളിലും പഠനം നടത്തിയിരുന്നു. ഡേറ്റ വിശകലനം പൂർത്തിയാകുന്ന മുറയ്ക്ക് ഫലം പുറത്തുവിടും.
കുഫോസിൽ ഡോ. ഗിരീഷ് ഗോപിനാഥും സിഡബ്ല‌്യുആർഡിഎമ്മിൽ ഡോ. യു. സുരേന്ദ്രനും ഗവേഷണത്തിനു നേതൃത്വം നൽകി. ജെ. വിവേക്, നിമ്മി ശശിധരൻ, സി.ടി. മുഹമ്മദ് ഫാസിൽ എന്നിവരും ഗവേഷക സംഘത്തിലുണ്ടായിരുന്നു. ഈ സങ്കേതം കൊണ്ട് ഏറ്റവും മികച്ച രീതിയിൽ വിള പരിപാലനം നടത്താനാകുമെന്ന് കുഫോസ് വൈസ് ചാൻസലർ ഡോ. ടി. പ്രദീപ്കുമാർ പറഞ്ഞു.
നെല്ലിലെ താരം
1998 ൽ കേരള കാർഷിക സർവകലാശാലയുടെ മാങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രമാണ് കുട്ടനാടൻ ഉണ്ട മട്ട എന്നും അറിയപ്പെടുന്ന 'ഉമ' നെല്ലിനം വികസിപ്പിച്ചത്. മികച്ച ഉൽപാദനക്ഷമതയും രോഗ പ്രതിരോധ ശേഷിയുമുള്ള 'ഉമ' പെട്ടെന്നു തന്നെ കുട്ടനാട്ടിലെ കർഷകരുടെ മനം കവർന്നു. നല്ല മണവും രുചിയുമുള്ള ചോറ് നൽകുന്ന 'ഉമ' മലയാളിയുടെ തീൻമേശ കീഴടക്കിയതോടെ കേരളത്തിലെ നെൽ കർഷകർ 'ഉമ'യെ ഏറ്റെടുത്തു. ഇപ്പോൾ കേരളത്തിൽ ഏറ്റവുമധികം കൃഷി ചെയ്യുന്ന നെല്ലിനമാണിത്.