ഏകദേശം ആയിരം കിലോ ഭാരം, 2 കാറുകൾ കുത്തി മലർത്തിയ ചരിത്രം; കാളക്കൂറ്റൻ വിരണ്ടു, ഉടമയെ മതിലിൽ ചാരിനിർത്തി കുത്തി
Mail This Article
നെട്ടൂർ ∙ വിരണ്ട കാളയുടെ കുത്തേറ്റ് ഉടമ ചെറുക്കാട്ടിൽ വിനോദ് (50) ആശുപത്രിയിൽ. കുത്തേറ്റ് കൈകാലുകൾ ഒടിഞ്ഞ് വായിൽ നിന്ന് ചോര വന്ന നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടോടെ ആയിരുന്നു സംഭവം. കെഎസ്ഇബി ജീവനക്കാരനായ വിനോദ് ഉച്ചയ്ക്കെത്തി കെട്ടിയ സ്ഥലത്തു നിന്ന് അഴിച്ച് വെള്ളം കൊടുക്കാൻ വീട്ടിലേക്കു കൊണ്ടുപോകുമ്പോഴാണ് കാള വിരണ്ടത്.
മതിലിൽ ചാരി നിർത്തി കുത്തി. ബഹളം കേട്ട് ഓടിയെത്തിയ രാജു, സത്താർ എന്നിവർ ചേർന്ന് തൊട്ടടുത്ത ഗേറ്റിൽ കെട്ടാനായതിനാൽ കൂടുതൽ അപകടം ഒഴിവായി. അഗ്നിരക്ഷാ സേനയും പൊലീസും എത്തി. ആവശ്യമെങ്കിൽ മരുന്നു കുത്തിവച്ചു മയക്കാൻ വെറ്ററിനറി സർജൻ വന്നെങ്കിലും അറവുകാരെത്തി വിലപറഞ്ഞു വാങ്ങി കൊണ്ടുപോയി. ഏകദേശം ആയിരം കിലോ ഗ്രാം എങ്കിലും ഉള്ള കാളക്കൂറ്റൻ നേരത്തേ 2 കാറുകൾ കുത്തി മലർത്തിയിട്ടുണ്ട്. പ്രശ്നക്കാരൻ ആയതോടെ വലിയ വിലയ്ക്ക് നേരത്തേ വിറ്റതാണ്. പിന്നീട് അതേ വിലയ്ക്ക് തിരികെ വാങ്ങി വളർത്തുകയായിരുന്നു. സംഭവത്തിനു ശേഷം അറവുകാർക്ക് നിസ്സാര വിലയ്ക്കാണു വിറ്റത്.