ADVERTISEMENT

കൊച്ചി ∙ അപൂർവങ്ങളിൽ അപൂർവമായ കേസുകളുടെ ഗണത്തിൽ വരില്ലെന്ന് വിലയിരുത്തിയാണു വൈഗയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ഉൾപ്പെടെ പ്രതി സനു മോഹനു വിചാരണക്കോടതി വിധിച്ചത്. സനുവിന് പരമാവധി ശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. സ്വന്തം മകളെ പിതാവ് കൊലപ്പെടുത്തിയ കേസാണെന്നതു സാഹചര്യത്തിന്റെ കാഠിന്യം വർധിപ്പിക്കുന്നെന്ന് കോടതി പറഞ്ഞു.

പഠനത്തിലും അഭിനയം ഉൾപ്പെടെ പാഠ്യേതര കാര്യങ്ങളിലും വളരെ സജീവമായിരുന്ന പെൺകുഞ്ഞിനെയാണു വധിച്ചത്. പ്രതിയുടെ കുറ്റം ചെറുതായി കാണാവുന്ന ഒരു സാഹചര്യവുമില്ല. എന്നാൽ സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചു നോക്കുമ്പോൾ ഈ കേസ് അപൂർവങ്ങളിൽ അപൂർവങ്ങളായ കേസുകളുടെ ഗണത്തിൽ വരുന്നില്ല. അതിനാൽ ജീവപര്യന്തം തടവും പിഴയും ഈ കേസിൽ നീതിയുക്തമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ രക്ഷിതാക്കൾ മക്കളെ കൊല്ലാറുണ്ടോ? വിചാരണക്കോടതിയുടെ ഈ ചോദ്യത്തിനു മുന്നിൽ സനു മോഹന് ഉത്തരം ഉണ്ടായിരുന്നില്ല. പ്രതി ഏറെ സ്നേഹിച്ചിരുന്ന മകളെ കൊല്ലാൻ കാരണം കടക്കെണിയാണെന്നും പ്രതി ജീവനൊടുക്കാൻ ശ്രമിച്ചെന്നും പ്രതിഭാഗം വാദിച്ചപ്പോഴാണ് കോടതി ഈ ചോദ്യം ഉന്നയിച്ചത്. സനു മോഹൻ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് പ്രതിഭാഗം വാദിക്കുന്നുണ്ടെങ്കിലും ഇതു വ്യക്തമല്ലെന്നും കോടതി പറഞ്ഞു.

ഉച്ചയ്ക്ക് രണ്ടരയോടെ കേസ് വിധി പറയാൻ എടുത്ത കോടതി ശിക്ഷ വിധിക്കും മുൻപ് പ്രതിക്ക് എന്തെങ്കിലും പറയാൻ ഉണ്ടോയെന്ന് ആരാഞ്ഞു. പ്രതിക്കൂട്ടിൽ നിന്ന് സനു പറഞ്ഞത് വ്യക്തമല്ലെന്നു വന്നതോടെ കോടതി പ്രതിയെ അടുത്തേക്ക് വിളിപ്പിച്ചു. തനിക്ക് 70 വയസ്സുള്ള അമ്മയുണ്ടെന്നും അമ്മയെ നോക്കാൻ ആരുമില്ലെന്നുമാണ് സനു പറഞ്ഞത്. ഇതു രേഖപ്പെടുത്തിയശേഷമാണ് കോടതി വിധി പറഞ്ഞത്.

കാർവാർ ബീച്ചിൽ സനുവിനെ അന്ന്  കീഴ്പ്പെടുത്തിയത് സിനിമാ സ്റ്റൈലിൽ
കാക്കനാട്∙ പുലർച്ചെ 5ന് കർണാടകയിലെ ഇരുൾ നിറഞ്ഞ കാർവാർ ബീച്ചിൽ മൊബൈൽ ഫോൺ ടോർച്ചിന്റെ വെളിച്ചത്തിൽ സനു മോഹനെ പൊലീസ് കീഴ്പ്പെടുത്തിയത് അന്നു വലിയ പ്രശംസയാണ് തൃക്കാക്കര പൊലീസിനു നേടിക്കൊടുത്തത്. ഇരുൾ മൂടിയ ബീച്ചിൽ നിന്ന് സനുവിനെ പിടികൂടിയതും കുതറി ഓടിയതും പിന്നാലെ ഓടിച്ചിട്ട് കീഴ്പ്പെടുത്തിയതും സിനിമയെ വെല്ലുന്ന രംഗങ്ങളായിരുന്നു.

മകൾ വൈഗയെ മുട്ടാർ പുഴയിൽ തള്ളിയ ശേഷം കേരളം വിട്ട സനു മൂകാംബിക ക്ഷേത്ര പരിസരത്തെ ഹോട്ടലിൽ ഉണ്ടെന്ന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെയാണ് പൊലീസ് ആദ്യമെത്തുന്നത്. അതിനു മിനിറ്റുകൾക്കു മുൻപ് സനു കടന്നു കളഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളും അവിടുത്തെ ബസ്, ടാങ്കർ ലോറി സർവീസുകളും കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം. ഇതിനിടെ സനു ഉപയോഗിക്കുന്നതായി സംശയമുള്ള മൊബൈൽ ഫോൺ ലൊക്കേഷനും പരിശോധിക്കുന്നുണ്ടായിരുന്നു.

കാർവാർ ബീച്ചിനു സമീപം സനുവിനോടു രൂപ സാദൃശ്യമുള്ളയാളെ ഇറക്കി വിട്ടതായി ടാങ്കർ ലോറി ഡ്രൈവറിൽ നിന്ന് വിവരം ലഭിച്ചതോടെയാണ് ബീച്ചിലേക്ക് പൊലീസ് സംഘം പുറപ്പെട്ടത്. പുലർച്ചെ 5ന് പൊലീസെത്തുമ്പോൾ കടലിലേക്ക് നോക്കി ഒറ്റയ്ക്കിരിക്കുകയായിരുന്നു സനു. കുറച്ചു നേരം പൊലീസ് ഇരുളിൽ മാറി നിന്ന് വീക്ഷിച്ചു. ഇടയ്ക്കു സനു ബീച്ചിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. കുറച്ചു മാറി കടലിൽ പോകാൻ തയാറായെത്തിയ മത്സ്യത്തൊഴിലാളികളും ഉണ്ടായിരുന്നു.

പൊലീസ് തൊട്ടടുത്ത് എത്തിയപ്പോഴാണ് സനുവിന് അപകടം മനസ്സിലായത്. പിടിവീണപ്പോഴേക്കും കുതറിയോടി. പിന്നാലെ ഓടിയ പൊലീസ് മിനിറ്റുകൾക്കകം സനുവിനെ കീഴ്പ്പെടുത്തി. അവശതയും ബീച്ചിലെ പൂഴിമണ്ണുമാണ് സനുവിന്റെ അധിക ദൂര ഓട്ടത്തിന് തടസ്സമായത്. ബീച്ചിലെത്തും മുൻപ് കോയമ്പത്തൂർ, സേലം, ബെംഗളൂരു, മുംബൈ, ഗോവ, കർണാടകയിലെ മുരുടേശ്വർ, മൂകാംബിക എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചെന്നാണ് പൊലീസിനു ലഭിച്ച വിവരം.

കോയമ്പത്തൂരിൽ കാറും സ്വർണ മോതിരവും കുട്ടിയുടെ കൈ ചെയിനും വിറ്റു. രാജ്യം വിടുകയെന്നതായിരുന്നു ലക്ഷ്യം. തെളിവുകൾ ഇല്ലാതാക്കാൻ ബാഗ് മുംബൈയിലും ടി ഷർട്ട് ഗോവയിലും ജാക്കറ്റ് മൂകാംബികയിലെ ഹോട്ടലിലും ഉപേക്ഷിച്ചെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരുന്നു. മൂകാംബികയിലെ ഹോട്ടലിൽ സനു താമസിക്കുന്ന മുറിയുടെ നമ്പർ ഉൾപ്പെടെ കിട്ടിയതോടെയാണ് പൊലീസ് അവിടേക്ക് പുറപ്പെട്ടതും മിനിറ്റുകളുടെ വ്യത്യാസത്തിൽ സനു രക്ഷപ്പെട്ടതും. എസ്ഐ ഷമീർഖാൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത് ബി.നായർ, മാഹിൻ അബൂബക്കർ എന്നിവരാണ് ബീച്ചിൽ മൽപ്പിടിത്തത്തിലൂടെ സനുവിനെ കീഴടക്കി അന്ന് താരങ്ങളായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com