കുസാറ്റ് ദുരന്തം; സിൻഡിക്കറ്റ് ഉപസമിതി റിപ്പോർട്ടിന്റെ പേരിൽ യൂണിയൻ ചേരിതിരിവ്
Mail This Article
കളമശേരി ∙ കുസാറ്റിൽ നവംബർ 25ന് 4 പേരുടെ മരണത്തിനും ഒട്ടേറെ പേർക്കു പരുക്കു പറ്റുന്നതിനും ഇടയാക്കിയ ദുരന്തത്തിൽ അന്വേഷണം പൂർത്തിയാക്കിയ സിൻഡിക്കറ്റ് ഉപസമിതിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തായതോടെ സർവകലാശാലയിലെ ഭരണ–പ്രതിപക്ഷ യൂണിയനുകൾ 2 തട്ടിലായി. റിപ്പോർട്ട് ചിലരെ ബലിയാടാക്കുന്നതിനും മറ്റു ചിലരെ സംരക്ഷിക്കുന്നതിനും വേണ്ടി തയാറാക്കിയതാണെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ യൂണിയനായ കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ആരോപിച്ചു.
റിപ്പോർട്ട് പൂർണമായും പുറത്തു വിടാത്തത് ഇതിനു തെളിവാണെന്നും അവർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ടു റജിസ്ട്രാർ ഓഫിസിന്റെ വീഴ്ചകളെ സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്നും അവർ ആരോപിച്ചു. അന്വേഷണത്തിന്റെ പരിധിയിൽ പെടാത്ത സാമ്പത്തിക ക്രയവിക്രയങ്ങളെ കുറിച്ചുള്ള റിപ്പോർട്ടിലെ പരാമർശങ്ങൾ ശ്രദ്ധ തിരിച്ചുവിടാനാണെന്നും അവർ ചൂണ്ടിക്കാട്ടി.
പരിപാടി നടത്തിപ്പിലുണ്ടായ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണു കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ ആരോപണം. സർവകലാശാലയുടെ അറിവോ അനുമതിയോ ഇല്ലാതെ വൻതോതിലുള്ള സമ്പദ് സമാഹരണം നടന്നുവെന്നും പണത്തിന്റെ വിനിയോഗം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നാണു ഭരണപക്ഷത്തെ ആവശ്യം.