40,000 പേർക്ക് നിൽക്കാവുന്ന പരേഡ് മൈതാനം ; ഗെറ്റ്, സെറ്റ് ഫോർ കൊച്ചിൻ കാർണിവൽ
Mail This Article
ഫോർട്ട്കൊച്ചി∙ കൊച്ചിൻ കാർണിവലിൽ പുതുവത്സരാഘോഷത്തിനു ജനത്തിരക്ക് ഒഴിവാക്കാൻ കർശന നടപടികളുമായി അധികൃതർ. ക്രമസമാധാന പാലനത്തിന് 10 അസി.പൊലീസ് കമ്മിഷണർമാരുടെയും 25 ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ ആയിരത്തിലേറെ പൊലീസുകാർ സേവനത്തിനുണ്ടാകും. 40,000 പേർക്ക് നിൽക്കാവുന്ന പരേഡ് മൈതാനം നിറഞ്ഞു കഴിയുമ്പോൾ ഇവിടേക്ക് ആളുകളെ വിടുന്നത് നിയന്ത്രിക്കും. റോഡുകളിൽ വിവിധ കേന്ദ്രങ്ങളിൽ ബാരിക്കേഡ് സ്ഥാപിച്ച് ജനക്കൂട്ടത്തെ നിയന്ത്രിക്കും.
അനിഷ്ട സംഭവങ്ങളുണ്ടായാൽ ആംബുലൻസ് ഉപയോഗത്തിനായി 2 റോഡ് ജനങ്ങളെയും വാഹനങ്ങളെയും കയറ്റാതെ ഒഴിച്ചിടും. സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് വിശദമായ ദുരന്ത നിവാരണ പദ്ധതി തയാറാക്കിയതായി സബ് കലക്ടർ കെ.മീര, മേയർ എം.അനിൽകുമാർ, ഹൈബി ഈഡൻ എംപി, കെ.ജെ.മാക്സി എംഎൽഎ, അസി.പൊലീസ് കമ്മിഷണർ കെ.ആർ.മനോജ് എന്നിവർ അറിയിച്ചു.
ഗതാഗത നിയന്ത്രണം
∙ 31ന് വൈകിട്ട് 4 മണി വരെ മാത്രം വൈപ്പിനിൽ നിന്ന് റോ– റോ ജങ്കാർ വഴി ഫോർട്ട്കൊച്ചിയിലേക്ക് വാഹനങ്ങൾ കടത്തി വിടും. 7 മണി വരെ ആളുകളെ ജങ്കാറിൽ കടത്തി വിടും. 7ന് ശേഷം ജങ്കാർ സർവീസ് നടത്തില്ല. രാത്രി 12ന് ശേഷം ആവശ്യമെങ്കിൽ വൈപ്പിനിലേക്ക് റോ– റോ ജങ്കാർ സർവീസ് നടത്തും. രാത്രി 7ന് ശേഷം ഫോർട്ട്കൊച്ചിയിലേക്ക് ബോട്ട് സർവീസ് ഉണ്ടാകില്ല.
∙ വൈകിട്ട് 4ന് ശേഷം റോഡ് മാർഗം ഫോർട്ട്കൊച്ചിയിലേക്ക് വാഹനങ്ങൾ കടത്തി വിടില്ല. ജനത്തിരക്ക് കൂടിയിൽ 4ന് മുൻപ് തന്നെ സിഫ്റ്റ് ജംക് ഷൻ, ബിഒടി പാലം, കണ്ണങ്ങാട്ട്, ഇടക്കൊച്ചി, കുമ്പളങ്ങി പഴങ്ങാട്, കണ്ടക്കടവ് എന്നിവിടങ്ങളിൽ വാഹനങ്ങൾ തടയും.
∙ എറണാകുളം, ഇടക്കൊച്ചി, തോപ്പുംപടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഫോർട്ട്കൊച്ചിക്ക് വരുന്ന ബസ്സുകൾ ഫോർട്ട്കൊച്ചിയിൽ തിരക്ക് ആയിക്കഴിഞ്ഞാൽ കൊച്ചിൻ കോളജ് ഗ്രൗണ്ടിൽ സർവീസ് അവസാനിപ്പിക്കും. ആളുകൾക്ക് ഇവിടെ എത്തി ബസ്സുകളിൽ യാത്ര തുടരാം.
∙ ഫോർട്ട്കൊച്ചി ആസ്പിൻവാൾ കബ്രാൾ ഗ്രൗണ്ട്, ആസ്പിൻവാൾ ഗ്രൗണ്ട്, സെന്റ് പോൾസ് സ്കൂൾ ഗ്രൗണ്ട്, ഡൽറ്റ സ്കൂൾ ഗ്രൗണ്ട് തുടങ്ങി 26 പാർക്കിങ് ഗ്രൗണ്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. ഫോർട്ട്കൊച്ചിയിലെ പാർക്കിങ് ഗ്രൗണ്ടുകൾ നിറയുന്നത് അനുസരിച്ച് മറ്റ് സ്ഥലങ്ങളിലെ ഗ്രൗണ്ടുകളിലേക്ക് വഴി തിരിച്ചു വിടും.
∙ രാത്രി 12ന് ശേഷം ആളുകൾക്ക് തിരികെ പോകുന്നതിന് സ്വകാര്യ, കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും.
ജനത്തിരക്ക് നിയന്ത്രിക്കാൻ
∙ പരേഡ് മൈതാനിയിൽ പരമാവധി വഴികൾ തുറന്ന് ബാക്കി ഭാഗത്തെ ഇരുമ്പ് വേലികൾ ശക്തമാക്കും.
∙പരേഡ് മൈതാനിയിൽ 2 വാച്ച് ടവർ സ്ഥാപിക്കും.
∙വൈദ്യുതി പോകാതിരിക്കാൻ നടപടി സ്വീകരിക്കും.
∙ ആവശ്യത്തിന് സിസിടിവി ക്യാമറകൾ സ്ഥാപിക്കും.
∙ മൈതാനത്ത് വിദേശികൾക്കായി പ്രത്യേകം സൗകര്യം ഒരുക്കും.
∙ എല്ലായിടത്തും മതിയായ വെളിച്ചം ഉറപ്പാക്കും.
∙ പരേഡ് മൈതാനത്തിന് പുറത്ത് ബാരിക്കേഡുകൾ സ്ഥാപിച്ച് തിരക്ക് നിയന്ത്രിക്കും.
∙ കമാലക്കടവിലും ബാരിക്കേഡുകൾ സ്ഥാപിച്ച് നിയന്ത്രണം ഏർപ്പെടുത്തും.
∙ രാത്രി 12ന് മുൻപ് തന്നെ ബാരിക്കേഡുകൾ മാറ്റി നിയന്ത്രണങ്ങൾ ഒഴിവാക്കും.
∙ വനിതാ പൊലീസുകാരെ മഫ്തിയിൽ നിയോഗിക്കും.
∙കോസ്റ്റൽ പൊലീസിന്റെ മുഴുവൻ സമയ ബോട്ട് പട്രോളിങ്.
∙ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെയും കുറ്റവാളികളെയും പിടികൂടാൻ രാവിലെ മുതൽ പരിശോധന.
ആംബുലൻസ് റൂട്ട്
∙ പരേഡ് മൈതാനം– ചാരിയറ്റ് ജംക്ഷൻ– താലൂക്ക് ആശുപത്രി– കൽവത്തി ബസാർ റോഡ്– തോപ്പുംപടി.
∙ പരേഡ് മൈതാനം– ക്യൂറോ സ്ട്രീറ്റ്– താലൂക്ക് ആശുപത്രി– പുതിയ റോഡ്– ബസാർ റോഡ്– തോപ്പുംപടി
താൽക്കാലിക ആശുപത്രി
∙ പരേഡ് മൈതാനത്തിന് സമീപമുള്ള ജയിൽ ഓഫ് ഫ്രീഡം സ്ട്രഗിൾ കെട്ടിടത്തിൽ താൽക്കാലിക ആശുപത്രി സംവിധാനം.
∙ 2 മണി മുതൽ കാർണിവൽ അവസാനിക്കുന്നത് വരെ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും.
∙ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും മുഴുവൻ സമയത്തും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും.
∙ കുടിവെള്ളം, ശുചിമുറി സംവിധാനങ്ങൾ ഏർപ്പെടുത്തും.
പുതുവത്സരാഘോഷം രാത്രി 8.30 മുതൽ
ഫോർട്ട്കൊച്ചി∙കൊച്ചിൻ കാർണിവലിന്റെ ഭാഗമായി നാളെ രാവിലെ 6ന് സിറ്റിസൻ ഫോർ ഫോർട്ട്കൊച്ചിയുടെ നേതൃത്വത്തിൽ മാരത്തൺ. രാത്രി 8.30ന് പുതുവത്സരാഘോഷ പരിപാടികൾ പരേഡ് മൈതാനിയിൽ ആരംഭിക്കും. സംഗീത പരിപാടി 1 മണി വരെ തുടരും. 12ന് പപ്പാഞ്ഞിയെ കത്തിക്കൽ. കാർണിവൽ ഘോഷയാത്ര ജനുവരി 1ന് വൈകിട്ട് 4ന് വെളി മൈതാനിയിൽ നിന്ന് ആരംഭിച്ച് പരേഡ് മൈതാനിയിൽ സമാപിക്കും. 7ന് സമാപന സമ്മേളനം, 7.30ന് ഡാൻസ് പരിപാടി.
മറ്റ് പുതുവത്സരാഘോഷ പരിപാടികളിലും പങ്കെടുക്കണം: മേയർ
ഫോർട്ട്കൊച്ചി∙ കൊച്ചിൻ കാർണിവൽ ആഘോഷത്തിൽ പങ്കെടുക്കാൻ എല്ലാവരും ഫോർട്ട്കൊച്ചിയിലേക്ക് മാത്രം പോകാതെ നഗരത്തിലെ മറ്റ് പുതുവത്സരാഘോഷ പരിപാടികളിലും പങ്കെടുക്കണമെന്ന് മേയർ എം.അനിൽകുമാർ അഭ്യർഥിച്ചു. നഗരസഭ മുൻകയ്യെടുത്ത് പള്ളുരുത്തി കാർണിവൽ, എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. മറൈൻഡ്രൈവിൽ പുഷ്പ മേള, കലൂരിൽ ദേശീയ സരസ് മേള എന്നിവയും തുടരുകയാണ്. ഇവിടെയും വിവിധ കലാപരിപാടികളുണ്ട്,