ദേശീയപാതയിലും വാരപ്പെട്ടിയിലും മരംവീണു
Mail This Article
കോതമംഗലം∙ കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മരം കടപുഴകി വീണ് ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ തലനാരിഴയ്ക്കാണു മരത്തിനടിയിൽ പെടാതെ രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ എട്ടോടെയാണു വനത്തിൽ നിന്നു മരം റോഡിനു കുറുകെ വീണത്. വ്യാഴം രാത്രി കനത്ത മഴയിൽ മണ്ണ് കുതിർന്നു മരം കടപുഴകുകയായിരുന്നു. മരം വീഴുന്നതു കണ്ട് ബൈക്ക് യാത്രികൻ നിർത്തിയതിനാൽ അപകടമുണ്ടായില്ല. ഈ സമയം തന്നെ ഒരു കാറുമെത്തി. അഗ്നിരക്ഷാസേന മരം വെട്ടിമാറ്റിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്. ദേശീയപാതയ്ക്ക് അരികിൽ അപകട സാഹചര്യത്തിലുള്ള മരങ്ങൾ മുറിക്കണമെന്ന ആവശ്യം അധികൃതർ ചെവിക്കൊള്ളുന്നില്ല.
വാരപ്പെട്ടിയിൽ മരംവീണ് വൈദ്യുതലൈൻ പൊട്ടി
വാരപ്പെട്ടി കണ്ടോത്തുംപടിയിൽ വ്യാഴം രാത്രി റോഡരികിലെ ഉണങ്ങിയ മരം ഒടിഞ്ഞുവീണ് വൈദ്യുതലൈൻ പൊട്ടി റോഡിൽ വീണു. രാത്രിയായതിനാൽ അപകടം ഒഴിവായി. ആളുകൾ ബസ് കാത്തുനിൽക്കുന്ന ജംക്‌ഷനാണിത്. സ്കൂൾ ബസുകളിലും ഇവിടെനിന്നു കുട്ടികൾ കയറുന്നുണ്ട്. അപകട സാഹചര്യത്തിലായ മരം പരാതിയെ തുടർന്നു വെട്ടിമാറ്റാൻ പഞ്ചായത്ത് അധികൃതർ ശ്രമിച്ചെങ്കിലും പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ എതിർപ്പുയർന്നതു തടസ്സമായി. അഗ്നിരക്ഷാസേന എത്തിയാണു മരം വെട്ടിമാറ്റിയത്.