അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പ് : സിപിഎമ്മിന്റെ പങ്ക് മറച്ച് വയ്ക്കുന്നു: കോൺഗ്രസ്
Mail This Article
അങ്കമാലി ∙ അങ്കമാലി അർബൻ സഹകരണ സംഘത്തിലെ ക്രമക്കേടുകളുടെ പേരിൽ കോൺഗ്രസ് പാർട്ടിക്കും ജനപ്രതിനിധികൾക്കുമെതിരെ സിപിഎം നേതാക്കൾ നടത്തുന്ന വ്യാജപ്രചാരണങ്ങൾ സംസ്ഥാന സഹകരണ വകുപ്പിന്റെയും സിപിഎം ഏരിയ സെക്രട്ടറിയുടെയും പങ്ക് മറച്ചു വയ്ക്കാനെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ആന്റു മാവേലിയും സെബി കിടങ്ങേനും ആരോപിച്ചു. നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കേണ്ട ചുമതല എല്ലാവർക്കുമുണ്ട്. കോൺഗ്രസ് ഇക്കാര്യത്തിൽ നിക്ഷേപകരോടൊപ്പം നിൽക്കും. സംഘത്തിലെ ക്രമക്കേടുകളിലെ നഷ്ടപ്പെട്ട തുക തിരിച്ചു പിടിക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനും സഹകരണവകുപ്പിനുമാണ്.
സംഘത്തിലെ നിയമോപദേഷ്ടാവായി പ്രവർത്തിച്ചിരുന്ന സിപിഎം ഏരിയ സെക്രട്ടറിക്കും ഉത്തരവാദിത്തത്തിൽ നിന്നു ഒഴിഞ്ഞു മാറാനാവില്ല. സംഘത്തിന്റെ പ്രവർത്തനങ്ങൾ കാലാ കാലങ്ങളിൽ പരിശോധിച്ച് ക്രമക്കേടുകൾ കണ്ടെത്തി അവ പരിഹരിക്കുന്നതിന് സഹകരണ വകുപ്പ് ഇൻസ്പെക്ടർമാരെയും ഓഡിറ്റർമാരെയും നിയമിച്ചിട്ടുണ്ട്. വർഷം തോറും സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് തയാറാക്കുന്ന വരവ് ചെലവ് കണക്കുകളും ഓഡിറ്റ് റിപ്പോർട്ടും ന്യൂനതാ സംഗ്രഹവും അച്ചടിച്ച് ഓഹരി ഉടമകൾക്ക് നൽകുകയും സംഘത്തിന്റെ വാർഷിക പൊതുയോഗം വിളിച്ചു ചേർത്ത് പാസാക്കേണ്ടതുമാണ്.
ഓരോ വായ്പയും ക്യത്യമായി പരിശോധിച്ച് നിയമാനുസൃതമെന്നു ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തവും സഹകരണ വകുപ്പിനുണ്ട്. കഴിഞ്ഞ 7 വർഷമായി സംസ്ഥാന ഭരണം കയ്യാളുന്നത് ഇടതു മുന്നണിയാണ്. സിപിഎമ്മിന്റെ അങ്കമാലി ഏരിയ സെക്രട്ടറിയും അദ്ദേഹത്തിന്റെ സ്വന്തക്കാരുമാണ് അർബൻ ബാങ്കിന്റെ ലീഗൽ അഡ്വൈസർമാരായി ഇക്കാലമത്രയും പ്രവർത്തിച്ചത്. ഈ കാലയളവിൽ സംഘത്തിൽ നടന്നതായി പറയുന്ന ക്രമക്കേടുകൾക്ക് ഇവർക്കൊക്കെ ഉത്തരവാദിത്തമുണ്ട്.. ഇത് മറച്ച് വച്ചു കൊണ്ടാണ് സംഘത്തിൽ അംഗത്വമോ ഇടപാടുകളോ ഇല്ലാത്ത പ്രതിപക്ഷത്തിരിക്കുന്ന എംപിയെയും എംഎൽഎയെയും വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കാൻ മാർക്സിസ്റ്റ് നേതാക്കൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
അർബൻ സഹകരണ സംഘത്തിലെ ക്രമക്കേടുകൾ പുറത്തു വരുമ്പോൾ അങ്കലാപ്പിലാകുന്നത് സിപിഎം പാർട്ടിയുടെ ചില നേതാക്കളാണ്. അർബൻ സംഘത്തിൽ ബെനാമി പേരുകളിൽ നിക്ഷേപവും ചിട്ടി ഇടപാടുകളുമുള്ള നേതാക്കൾ കോൺഗ്രസ് പാർട്ടിയുടെയും എംഎൽഎയുടെയും എം.പിയുടെയും മേൽ കുതിരകയറാതെ കക്ഷിരാഷ്ട്രീയം മാറ്റിവച്ച് നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനാണ് ശ്രമിക്കേണ്ടതെന്നും ബ്ലോക്ക് പ്രസിഡന്റുമാർ അറിയിച്ചു.
സംഘം സെക്രട്ടറിക്ക് സസ്പെൻഷൻ
അങ്കമാലി ∙ അർബൻ സഹകരണ സംഘത്തിലെ ക്രമക്കേടുകളുടെ പേരിൽ സംഘം സെക്രട്ടറി ബിജു ജോസിനെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം സസ്പെൻഡ് ചെയ്തു. സൗത്ത് ബ്രാഞ്ചിലെ മാനേജർക്ക് സെക്രട്ടറിയുടെ ചുമതല നൽകിയിട്ടുണ്ട്. മറ്റൊരു ജീവനക്കാരൻ കെ.ഐ.ഷിജുവിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. മരിച്ചവരുടെ പേരിലും വോട്ടർ പട്ടിക നോക്കിയും വ്യാജ വായ്പകൾ തരപ്പെടുത്തിയതിനെതിരെ നിയമ നടപടികൾ തുടങ്ങിയിട്ടുണ്ട്. പണം തിരികെ ലഭിക്കുന്നതു സംബന്ധിച്ച നിക്ഷേപകരുടെ ആശങ്ക മാറ്റുന്നതിനു നടപടികളില്ല.