ADVERTISEMENT

കൊച്ചി ∙ ക്യാംപസുകളിൽ കുസാറ്റിൽ സംഭവിച്ചതുപോലെയുള്ള അപകടങ്ങളുണ്ടാകാതിരിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് തയാറാക്കുന്ന മാർഗരേഖയുടെ പകർപ്പ് ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകി. പരസ്പരം പഴിചാരാനല്ല, ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടിയാണു സ്വീകരിക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. തീപിടിത്തമുണ്ടാകുന്ന സാഹചര്യങ്ങൾ ഉൾപ്പെടെ പരിഗണിച്ചാണു മാർഗരേഖ തയാറാക്കേണ്ടത്. ഇത്തരം പരിപാടികളിൽ സിനിമ തിയറ്ററിലും ഓഡിറ്റോറിയത്തിലും പാലിക്കുന്ന മാർഗരേഖകളും ഉൾപ്പെടുത്തേണ്ടിവരുമെന്നും കോടതി അഭിപ്രായപ്പെട്ടു. നവംബർ 25 ന് കുസാറ്റിൽ തിക്കിലും തിരക്കിലുംപെട്ട് നാലുപേർ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നൽകിയ ഹർജിയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്.

സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പലായിരുന്ന ഡോ.ദീപക് കുമാർ സാഹു, സ്റ്റാഫ് കോഓർഡിനേറ്റർ ഡോ. ഗിരീഷ് തമ്പി, ഫാക്കൽറ്റി ട്രഷറർ ഡോ. എൻ.ബിജു എന്നിവരെ കേസിൽ പ്രതി ചേർത്തിട്ടുണ്ടെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കേസ് കളമശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും വിശദീകരിച്ച് പൊലീസിന്റെ നടപടി റിപ്പോർട്ട് അഡീഷനൽ അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയിൽ നൽകി. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കുകയെന്ന ലക്ഷ്യത്തോടെ മാർഗരേഖ ലഭ്യമാക്കുമെന്നും അഡീഷനൽ അഡ്വക്കറ്റ് ജനറൽ അറിയിച്ചു. എന്നാൽ സിൻഡിക്കറ്റിന്റെ റിപ്പോർട്ട് ആവശ്യപ്പെടാൻ ഹർജിക്കാരനു നിയമാധികാരമില്ലെന്നും റിപ്പോർട്ടിന്റെ ചുരുക്കം കോടതിയെ അറിയിക്കുമെന്നും കുസാറ്റിന്റെ അഭിഭാഷകനും അറിയിച്ചു. തുടർന്ന് അന്വേഷണം സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ ഹൈക്കോടതി രണ്ടാഴ്ച സമയം നൽകി ഹർജി 2 ന് പരിഗണിക്കാൻ മാറ്റി.

ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മുൻ പ്രിൻസിപ്പൽ
റജിസ്ട്രാറെയും സർവകലാശാലയുടെ ഉന്നത അധികൃതരെയും സംരക്ഷിക്കാനുള്ള ശ്രമമാണു പൊലീസ് നടപടി റിപ്പോർട്ടിലൂടെ നടത്തിയിരിക്കുന്നതെന്നും സത്യം പുറത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണത്തിന് അനുമതി നൽകണമെന്നും ഹൈക്കോടതിയിൽ നൽകിയ അധിക സത്യവാങ്മൂലത്തിൽ ഡോ. ദീപക് കുമാർ സാഹു അറിയിച്ചു. തന്നെയും സംഘാടക സമിതിയിലെ മറ്റ് ഫാക്കൽറ്റി അംഗങ്ങളെയും ബലിമൃഗങ്ങളാക്കാനുള്ള ശ്രമമാണിത്. ജുഡീഷ്യൽ അന്വേഷണത്തിന് അനുമതി നൽകണം. റജിസ്ട്രാറാണു പൊലീസിനെ അറിയിക്കേണ്ടത്. സംഘാടക സമിതിയുടെ ചെയർമാൻ എന്ന നിലയിൽ സംഗീത നിശയ്ക്കായി എല്ലാ സജ്ജീകരണങ്ങളും ചെയ്തിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ മതിയായ സുരക്ഷാജീവനക്കാരും പൊലീസ് സംരക്ഷണവും വേണമെന്നു റജിസ്ട്രാറോട് ആവശ്യപ്പെട്ടിരുന്നു. റജിസ്ട്രാർക്ക് താൻ നൽകിയ കത്ത് പ്രാഥമിക അന്വേഷണത്തിൽ പരിശോധിച്ചിരുന്നെങ്കിൽ റജിസ്ട്രാറുടെ അനാസ്ഥ സംശയത്തിനതീതമായി തെളിയുമായിരുന്നു. ദുരന്തത്തിന്റെ ഉത്തരവാദിത്തം തന്റെയും സംഘാടക സമിതിയുടെയും തലയിൽ മനഃപൂർവം കെട്ടിവച്ചു. പരിപാടിക്കു വിസിയുടെ അനുമതിയും ലഭിച്ചിരുന്നു. 4000 പേരുണ്ടായിരുന്നു എന്ന വാദവും തെറ്റാണ്. 400–500 വിദ്യാർഥികൾ ഓഡിറ്റോറിയത്തിനുള്ളിലും 600–1000 പേർ പുറത്തുമാണുണ്ടായിരുന്നത്. ഒറ്റയടിക്ക് ഒരുകൂട്ടമാളുകൾ തള്ളികയറിയതും ഓഡിറ്റോറിയത്തിന്റെ നിർമാണത്തിലെ അപാകതയുമുൾപ്പെടെയുള്ള കാര്യങ്ങളുമാണു ദുരന്തത്തിനു കാരണമായതെന്നു സത്യവാങ്മൂലത്തിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com