മാലിന്യം നിറഞ്ഞ് മെഡിക്കൽ കോളജ്; ഡെങ്കിപ്പനി പടരുന്നു; എയ്റോബിക് മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ പ്രവർത്തിക്കുന്നില്ല
Mail This Article
കളമശേരി∙ നഗരസഭയിലെ മെഡിക്കൽ കോളജ് വാർഡിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയിൽ മെഡിക്കൽ കോളജ് ക്യാംപസ് മാലിന്യമയമാണെന്നു കണ്ടെത്തി. ഡെങ്കിപ്പനി വ്യാപിക്കുന്നതിനെതിരെ മുൻ കൗൺസിലർ ബാബുരാജ് നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നഗരസഭാ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഈ മാസം മെഡിക്കൽ കോളജ് വാർഡിൽ ഇതുവരെ മുപ്പതോളം പേർക്ക് ഡെങ്കിപ്പനി പിടിപെട്ടു. പുതിയതായി നിർമിക്കുന്ന കാൻസർ റിസർച് കെട്ടിടത്തിന്റെ ബേസ്മെന്റിൽ ഉൾപ്പെടെ പല ഭാഗത്തും വെള്ളം കെട്ടിക്കിടക്കുന്നു.
മെഡിക്കൽകോളജിന്റെ എസ്ടിപിയിൽ നിന്നുള്ള വെള്ളം തൊട്ടടുത്തുള്ള തോട്ടിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തി. ഹോസ്റ്റലുകളിൽ നിന്നുള്ള സീവേജ് ലൈൻ പലഭാഗങ്ങളിലും പൊട്ടിയൊലിച്ചു കിടക്കുന്നതായും പ്ലാസ്റ്റിക് മാലിന്യം ക്യാംപസിലെ കുഴിയിലിട്ടു കത്തിച്ചു നശിപ്പിക്കുന്നതായും കണ്ടെത്തി. മെഡിക്കൽ കോളജ് ക്യാംപസിൽ നിർമിച്ചിട്ടുള്ള 2 തുമ്പൂർമുഴി മോഡൽ എയ്റോബിക് വേസ്റ്റ് സംസ്കരണ സംവിധാനങ്ങളും പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തി. ഡെങ്കിപ്പനി വ്യാപകമായി പടർന്നു പിടിക്കുന്നതിനാൽ 7 ദിവസത്തിനകം അടിയന്തര നടപടികൾ സ്വീകരിച്ചു പരാതി പരിഹരിക്കണമെന്നു കാണിച്ചു നഗരസഭാ സെക്രട്ടറി മെഡിക്കൽ കോളജ് സൂപ്രണ്ടിനു നോട്ടിസ് നൽകി.