ദേശീയപാത കയ്യേറി കച്ചവടം: പത്തടിപ്പാലത്തെ മുഴുവൻ തട്ടുകടകളും പൊളിച്ചുമാറ്റി
Mail This Article
കളമശേരി ∙ േദശീയപാത കയ്യേറി പത്തടിപ്പാലത്തു സ്ഥാപിച്ചിരുന്ന മുഴുവൻ തട്ടുകടകളും നഗരസഭയുടെയും േദശീയപാത അതോറിറ്റിയുടെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊളിച്ചുമാറ്റി. ചൊവ്വാഴ്ച രാത്രിയിലാണ് കടകൾ മുഴുവൻ നീക്കം ചെയ്തത്. ഉദ്യോഗസ്ഥരുടെ നടപടിയെ ചോദ്യം ചെയ്ത് കൗൺസിലർമാരും രാഷ്ട്രീയപാർട്ടി നേതാക്കളും എത്തിയത് കുറച്ചു നേരം പ്രദേശത്തു സംഘർഷത്തിനും ഇടയാക്കി. പത്തടിപ്പാലത്തെ റെസ്റ്റ്ഹൗസിനു മുന്നിൽ ആറുവരി പാതയുടെ ആലുവ ഭാഗത്തേക്കുള്ള ഒരുവരി റോഡ് പൂർണമായും കയ്യേറിയാണു നഗരസഭാ കൗൺസിലറുടെയടക്കം 14 തട്ടുകടകൾ പ്രവർത്തിച്ചിരുന്നത്. ഇവയിൽ വാടകയ്ക്ക് നൽകിയവയും ഉണ്ടായിരുന്നു.
ഗതാഗത തടസ്സവും അപകടങ്ങളും വർധിച്ചതിനാൽ തട്ടുകടകൾ നീക്കം ചെയ്യണമെന്നു പൊലീസ് നഗരസഭയോട് പലവട്ടം ആവശ്യപ്പെട്ടിരുന്നു. മന്ത്രിതല യോഗത്തിലും പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കോവിഡിനു മുൻപ് ഇവിടത്തെ തട്ടുകടകളെല്ലാം നീക്കം ചെയ്തിരുന്നു. കഴിഞ്ഞ കുറെ മാസങ്ങൾക്കുള്ളിൽ ‘ഹൈടെക്’ തട്ടുകളായിട്ടാണ് ഇവ തിരികെ വന്നത്. നവകേരള സദസ്സിന്റെ ഭാഗമായിട്ടും ഇവിടത്തെ തട്ടുകടകൾ നീക്കം ചെയ്തിരുന്നു. തട്ടുകടകൾക്കു നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളോ നഗരസഭ നൽകുന്ന അനുമതിപത്രമോ ഒന്നും ഇല്ലാതെയായിരുന്നു ഇവ വീണ്ടും പ്രവർത്തനം ആരംഭിച്ചത്. പൊതുമേഖലാ ബാങ്കിന്റെ സമീപത്തുള്ള പറമ്പിലേക്കാണു മാലിന്യം തള്ളിയിരുന്നത്.
കഴിഞ്ഞ ദിവസം ഇവിടെ മാലിന്യത്തിനു തീപിടിച്ചിരുന്നതായി നഗരസഭാ ഉദ്യോഗസ്ഥർ പറഞ്ഞു. തട്ടുകടകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു 3 തവണ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നതായി നാഷനൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. പത്തടിപ്പാലത്തെ റോഡ് കയ്യേറി സ്ഥാപിച്ചിട്ടുള്ള തട്ടുകടകളും കടകളും റെസ്റ്റ് ഹൗസിന്റെ പ്രവർത്തനത്തെയും വിഐപി സുരക്ഷയെയും ബാധിക്കുന്നുവെന്നും അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചുമാറ്റണമെന്നും ചൂണ്ടിക്കാട്ടി കളമശേരി എസ്എച്ച്ഒ നഗരസഭയ്ക്ക് 15 ദിവസം മുൻപ് കത്തു നൽകിയിരുന്നു.