കളമ്പൂരിലെ പാടങ്ങൾ ഉണർന്നു; സൂര്യകാന്തി ശോഭ പടർന്നു
Mail This Article
പിറവം∙ഇഷ്ടികക്കളങ്ങൾ കാർന്നു തിന്നതു മൂലം ഒന്നര പതിറ്റാണ്ടോളമായി തരിശു കിടന്ന കളമ്പൂരിലെ പാടശേഖരങ്ങളിൽ ഇപ്പോൾ പച്ചപ്പിനൊപ്പം സൂര്യകാന്തി പൂക്കളുടെ മനോഹാരിതയും. കളമ്പൂർ മങ്കിടിയിൽ ജിജോ ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് സൂര്യകാന്തി, ബന്ദി എന്നിവ കൃഷി ചെയ്തിരിക്കുന്നത്. ജിജോയുടെ നേതൃത്വത്തിലുള്ള കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇവിടെ പാട്ടത്തിനെടുത്തതുൾപ്പെടെയുള്ള പാടശേഖരങ്ങളിലായി 60 ഏക്കറോളം സ്ഥലത്തു നെൽക്കൃഷി നടത്തുന്നുണ്ട്. ഇടവിളയായാണു പുഷ്പ കൃഷിയും പടരുന്നത് .
പാടശേഖരത്തിൽ കഴിഞ്ഞ വർഷം സൂര്യകാന്തിയുടെ വിത്തു പാകിയെങ്കിലും മുളച്ചിരുന്നില്ല. തുടർന്നു നടത്തിയ പരിശോധനയിൽ ഇൗർപ്പം കൂടിയതാണു കാരണമെന്നു കണ്ടെത്തിയതായി ജിജോ പറഞ്ഞു. ഇക്കുറി നീർവാർച്ച കൂടുതലുള്ള പാടശേഖരം കണ്ടെത്തിയാണു വിത്തു പാകിയത്.സേലത്തു നിന്നാണു വിത്തു സംഘടിപ്പിച്ചത്. വിത്തിനു കിലോഗ്രാമിനു 4000 രൂപ വരെ വിലയുണ്ട്.തടം വെട്ടി അടിവളമായി ചാണകവും ജൈവവളവും ചേർത്തായിരുന്നു വിത്ത് ഇട്ടത്.
ഒരേക്കർ പാടത്തു ഒരു കിലോഗ്രാം വിത്തു വേണ്ടിവരും.കൃത്യമായി പരിചരണം നൽകിയാൽ 45 ദിവസത്തിനുള്ളിൽ പൂവിട്ടു തുടങ്ങും.പൂവിട്ടാൽ ഒന്നര ആഴ്ചയ്ക്കു ശേഷം ഇതളുകൾ കൊഴിഞ്ഞു തുടങ്ങും. ശേഷിക്കുന്ന ഭാഗത്തു നിന്നാണു വിത്തു ശേഖരിക്കുന്നത്. നടുന്നതിനു പുറമേ എണ്ണയുടെ ആവശ്യത്തിനും ഉപയോഗിക്കാം. സംസ്കരിച്ചെടുത്ത 5 കിലോഗ്രാം വിത്തിൽ നിന്നു ഒരു കിലോഗ്രാം എണ്ണ ലഭിക്കുമെന്നാണു കണക്കാക്കുന്നതെന്നു കർഷകർ പറഞ്ഞു. മേഖലയിൽ ആദ്യമായി വിരിഞ്ഞ സൂര്യകാന്തി പാടത്തിന്റെ മനോഹാരിത ആസ്വദിക്കുന്നതിനു ഇൗ ദിവസങ്ങളിൽ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ എത്തുന്നുണ്ട്.