നവ കേരള സദസ്സിലെ നിവേദനം : കോതമംഗലത്ത് 39 പേർക്ക് കൂടി മുൻഗണന കാർഡുകൾ
Mail This Article
കോതമംഗലം ∙ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കോതമംഗലം നിയോജക മണ്ഡലതല നവകേരള സദസ്സിൽ മുൻഗണന കാർഡുകൾക്ക് അപേക്ഷിച്ചവർക്ക് പരിഹാരം. നവകേരള സദസ്സ് വഴിയും ഓൺലൈൻ മുഖേനയും ലഭിച്ച അപേക്ഷകളിൽ 39 പേർക്ക് മുൻഗണന റേഷൻ കാർഡുകൾ അനുവദിച്ചു. കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ കാർഡുകളുടെ വിതരണം നടന്നു. ഗുരുതരമായ വിവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും പ്രത്യേക പരിഗണന നൽകിയാണ് കാർഡുകൾ അനുവദിച്ചിട്ടുള്ളത്.
നവ കേരള സദസ്സ് വഴി റേഷൻ കാർഡ് സംബന്ധിച്ച ആകെ 74 നിവേദനങ്ങളാണ് കോതമംഗലം താലൂക്ക് സപ്ലൈ ഓഫിസിൽ ലഭിച്ചിരുന്നത്. മുൻഗണന കാർഡുകൾക്ക് പുറമെ പുതിയ റേഷൻ കാർഡ് അനുവദിക്കുന്നതും പേര് ചേർക്കുന്നതും പേര് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളും ഇതിൽ ഉൾപ്പെട്ടിരുന്നു. ഈ നിവേദനങ്ങൾ കൃത്യമായി പരിഗണിച്ച് ഇതിനോടകം തീർപ്പാക്കിയതായി താലൂക്ക് സപ്ലൈ ഓഫിസർ പറഞ്ഞു. ഡിസംബർ 10 ന് മാർ ബേസിൽ സ്കൂൾ മൈതാനത്തായിരുന്നു കോതമംഗലത്തെ നവകേരള സദസ്സ് നടന്നത്.