ADVERTISEMENT

കൊച്ചി ∙ കുസാറ്റ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ തിക്കിലും തിരക്കിലും നാലുപേർ മരിച്ച സംഭവത്തിനു മുൻപു സുരക്ഷ സംബന്ധിച്ചു മുൻ പ്രിൻസിപ്പൽ നൽകിയ കത്തിൽ എന്തു നടപടിയെടുത്തെന്നു വിശദീകരിക്കാൻ സർവകലാശാല റജിസ്ട്രാർക്കു ഹൈക്കോടതി നിർദേശം നൽകി. 

ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സംഗീത പരിപാടി ഒരുക്കിയതിനാൽ നവംബർ 24, 25 തീയതികളിൽ നടക്കുന്ന പരിപാടികൾക്കു മതിയായ സുരക്ഷയൊരുക്കണമെന്നും പൊലീസിന്റെ സഹായം തേടണമെന്നും താൻ സർവകലാശാല റജിസ്ട്രാർക്ക് നവംബർ 24നു കത്തു നൽകിയിരുന്നെന്നു സ്കൂൾ ഓഫ് എൻജിനീയറിങ് മുൻ പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹു ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.

ഈ കത്തിനെ തുടർന്ന് എന്തു നടപടിയെടുത്തെന്ന് സത്യവാങ്മൂലമോ വിശദീകരണ പത്രികയോ വഴി അറിയിക്കാനാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചത്. ജുഡീഷ്യൽ അന്വേഷണമാവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നൽകിയ ഹർജിയാണു പരിഗണിച്ചത്.

ഹർജി 15നു വീണ്ടും പരിഗണിക്കും. സുരക്ഷയുടെ വിവരം റജിസ്ട്രാറെ ഫോണിലും അറിയിച്ചെന്നും ഓപ്പൺ എയർ ഓഡിറ്റോറിയം സ്കൂൾ ഓഫ് എൻജിനീയറിങ്ങിനു പുറത്തായതിനാൽ കസ്റ്റോഡിയനായ റജിസ്ട്രാറാണു സുരക്ഷ ഒരുക്കേണ്ടതെന്നും സത്യവാങ്മൂലത്തിൽ മുൻ പ്രിൻസിപ്പൽ അറിയിച്ചിരുന്നു. എന്നാൽ റജിസ്ട്രാർ പൊലീസിനെ വിവരം അറിയിച്ചിരുന്നെന്നു സർവകലാശാല അറിയിച്ചു. സംഭവത്തിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടർന്ന് മുൻ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർക്കു നോട്ടിസ് അയച്ചു.

ഇവരുടെ മറുപടി കാത്തിരിക്കുകയാണെന്നും അറിയിച്ചു. ഇക്കാര്യത്തിൽ ഭരണപരമായ വീഴ്ച മാത്രമല്ലേയൂള്ളൂ എന്നു കോടതി ഈ ഘട്ടത്തിൽ ആരാഞ്ഞു. എന്നാൽ, പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർ വിദ്യാർഥികളെ എല്ലാം ഏൽപിച്ച് കയ്യൊഴിഞ്ഞെന്നു സർവകലാശാല വിശദീകരിച്ചു.

പുറത്തുനിന്നുള്ളയാളാണു സംഗീത പരിപാടി നടത്തുന്നതെന്ന വിവരം മറച്ചുവച്ചു. ഇക്കാര്യം അറിയിച്ചിരുന്നെങ്കിൽ അനുവദിക്കില്ലായിരുന്നു. ഹർജിക്കാർ റജിസ്ട്രാറെ ഉന്നംവയ്ക്കുകയാണെന്നും ആരോപിച്ചു. സംഭവത്തിൽ വിസിയും റജിസ്ട്രാറും ഉൾപ്പെടെയുള്ളവർക്ക് ഉത്തരവാദിത്തമുണ്ടെന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ക്യാംപസിലെ പരിപാടികളിൽ റജിസ്ട്രാറിന് ഉത്തരവാദിത്തമുണ്ടെന്നു നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com