ബജറ്റിനിടെ തർക്കം; ജില്ലാ പഞ്ചായത്ത് അംഗത്തെ ഡയസിൽ നിന്ന് പുറത്താക്കി
Mail This Article
ആലങ്ങാട് ∙ കരുമാലൂർ പഞ്ചായത്ത് ബജറ്റ് അവതരണവേളയിൽ പഞ്ചായത്ത് രാജ് ചട്ടം ലംഘിച്ചു ജില്ലാ പഞ്ചായത്ത് അംഗം ഡയസിൽ കയറി ഇരുന്നതിനെ ചൊല്ലി തർക്കം. ചട്ടം ലംഘിച്ചു ബജറ്റ് അവതരിപ്പിച്ചാൽ യോഗം ബഹിഷ്കരിക്കുമെന്നു പ്രതിപക്ഷ യുഡിഎഫ് അംഗങ്ങൾ മുന്നറിയിപ്പു നൽകിയതോടെ വാക്കുതർക്കത്തിനൊടുവിൽ ജില്ലാപഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രനെ ഡയസിൽ നിന്നു പുറത്താക്കി. വിശിഷ്ട അതിഥികൾക്കു ഗാലറിയിൽ ഇരുന്നു നടപടിക്രമങ്ങൾ വീക്ഷിക്കാമെന്നല്ലാതെ ഭരണസമിതി യോഗത്തിൽ പങ്കെടുക്കുവാൻ അർഹതയില്ലെന്നു പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ.എം. അലി പറഞ്ഞു.
കൂടാതെ സ്ഥലം എംഎൽഎയും മന്ത്രിയുമായ പി.രാജീവിന്റെ പേര് മാത്രം ആമുഖ പ്രസംഗത്തിൽ പ്രതിപാദിച്ചെന്ന് ആരോപിച്ചും തർക്കം നടന്നു.യുഡിഎഫ് അംഗങ്ങളായ എ.എം. അലി, ബീന ബാബു, കെ.എ. ജോസഫ്, ടി.എ. മുജീബ്, ഇ.എം. അബ്ദുൽ സലാം, കെ.എം. ലൈജു, ജി.വി. പോൾസൺ, നദീറ ബീരാൻ, സൂസൻ വർഗീസ് എന്നിവരും ബിജെപി അംഗം കെ.മോഹൻ കുമാറുമാണു പ്രതിഷേധിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ക്ഷണിച്ചതു പ്രകാരമാണു ജില്ലാ പഞ്ചായത്ത് അംഗം ബജറ്റിൽ പങ്കെടുക്കാൻ എത്തിയതെന്നും മാഞ്ഞാലി ഭാഗത്തെ നിർമാണവുമായി ബന്ധപ്പെട്ട വാക്കുതർക്കമാണു പ്രശ്നത്തിനിടയാക്കിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു പറഞ്ഞു.