കണ്ടെയ്നർ പാതയിലെ പാലം: എൻഎച്ച് നടപടി വൈകുന്നു
Mail This Article
വരാപ്പുഴ ∙ കണ്ടെയ്നർ പാതയിൽ മൂലമ്പിള്ളി-കേതാട് പാലത്തിന്റെ ബലക്ഷയം പരിഹരിക്കാൻ ദേശീയപാത അധികൃതർ കാലതാമസം വരുത്തുന്നതിൽ ആശങ്ക.പാലത്തിന്റെ തൂണുകളുടെ ബലക്ഷയം സംബന്ധിച്ചു സ്വകാര്യ കൺസൽറ്റൻസി മൂന്നാഴ്ച മുൻപ് പരിശോധനകൾ പൂർത്തിയാക്കിയതാണ്. ഇതിന്റെ റിപ്പോർട്ട് ദേശീയപാത അധികൃതർക്കു ഉടൻ കൈമാറുമെന്നും അറിയിച്ചിരുന്നു. എന്നാൽ ഇത്രയും ദിവസവും പിന്നിട്ടിട്ടും തുടർനടപടികൾ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല.സാധാരണഗതിയിൽ ദേശീയപാത അധികൃതർക്കു ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐഐടി പോലുള്ള സ്ഥാപനങ്ങളിൽ നിന്നു സാങ്കേതിക വിദഗ്ധർ എത്തി കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്താറുണ്ട്. തുടർന്നാണു ബലക്ഷയം പരിഹരിക്കാനുള്ള ഉചിതമായ സാധ്യതകൾ കണ്ടെത്തുന്നത്.
എന്നാൽ ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും ഇതിനുള്ള നടപടികൾ സ്വീകരിക്കാത്തതു ആശങ്ക വർധിപ്പിക്കുന്നുണ്ട്. 10 വർഷം മുൻപ് നിർമിച്ച പാലത്തിന്റെ ആറു തൂണുകൾക്കാണു ബലക്ഷയം കണ്ടെത്തിയിട്ടുള്ളത്. പുഴയിൽ നിർമിച്ച തൂണുകളുടെ അടിവശത്തു കോൺക്രീറ്റ് പൂർണമായും ഒലിച്ചു പോയിരിക്കുകയാണ്. തുരുമ്പെടുക്കുന്ന കമ്പികളുടെ ബലത്തിലാണു നിലവിൽ തൂണുകൾ നിലനിൽക്കുന്നത്. കോൺക്രീറ്റ് ഒലിച്ചു പോയ ഭാഗത്തു തൂണുകളിൽ പുഴയുടെ അടിത്തട്ട് വരെ ഇരുമ്പു കവചം സ്ഥാപിച്ചു അകത്തുള്ള വെള്ളം പൂർണമായും നീക്കം ചെയ്തു.വീണ്ടും കോൺക്രീറ്റ് ചെയ്യുമെന്നാണു ദേശീയപാത അധികൃതർ ആദ്യഘട്ടത്തിൽ വ്യക്തമാക്കിയത്.ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.
പാലത്തിലെ ഗതാഗത നിയന്ത്രണവും പ്രശ്നം
മൂലമ്പിള്ളി–കോതാട് പാലത്തിന്റെ ബലക്ഷയം മൂലം ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിൽ വലഞ്ഞ് വാഹന യാത്രക്കാർ.തൂണുകളുടെ കോൺക്രീറ്റ് ഒലിച്ചു പോയതിനെ തുടർന്നു ബലക്ഷയം സംഭവിച്ചതായി പരിശോധന റിപ്പോർട്ട് വന്നതോടെയാണു പാലത്തിലൂടെ നിയന്ത്രിത ഗതാഗതം ഏർപ്പെടുത്തിയത്. ഒറ്റവരിയിൽ ഇരുപത് കിലോമീറ്റർ വേഗപരിധിയിൽ വാഹനങ്ങൾ പാലത്തിലൂടെ കടന്നു പോകണമെന്നാണു നിലവിലെ സുരക്ഷ നിർദേശം. എന്നാൽ രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയാണു ഇൗ ഭാഗത്ത് രൂപപ്പെടുന്നത്. 20, 40 അടിയുള്ള ലോഡ് കയറ്റിയ വലിയ കണ്ടെയ്നർ ലോറികളും മറ്റു വാഹനങ്ങളും പാലത്തിൽ നിറയുന്നതാണു കുരുക്കിന്റെ കാരണം.
ബലക്ഷയം സംഭവിച്ച പാലത്തിലൂടെ കൂടുതൽ ഭാരം കടന്നു പോകുന്ന തരത്തിൽ നടപ്പിലാക്കിയ ഗതാഗത നിയന്ത്രണം അശാസ്ത്രീയമാണെന്നു കടമക്കുടി പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.പി.വിപിൻരാജ് പറഞ്ഞു. മുൻപ് രണ്ടു നിരകളിലായി തടസ്സങ്ങളില്ലാതെ വാഹനങ്ങൾ കടന്നു പോകുമായിരുന്നു. ഒരേ സമയം ചുരുക്കം വാഹനങ്ങൾ മാത്രമാണു പാലത്തിലൂടെ കടക്കുന്നത്. എന്നാൽ ഒറ്റവരിയാക്കിയതും വേഗപരിധി നിശ്ചയിച്ചതും മൂലം ഒരേസമയം പാലത്തിലൂടെ ലോഡും കയറ്റി വരുന്ന വലിയ വാഹനങ്ങളും മറ്റു വാഹനങ്ങളും കൂട്ടമായാണ് കടന്നു പോകുന്നത്.
ഹൈബി ഈഡൻ ലോക്സഭയിൽ: പാലങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണം
കൊച്ചി ∙ കണ്ടെയ്‌നർ റോഡിലെ പാലങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നു ഹൈബി ഈഡൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. തൂണുകളുടെ അടിഭാഗത്ത് കോൺക്രീറ്റ് പൂർണമായി അടർന്നുപോയി. ആയിരക്കണക്കിന് ആളുകളും കണ്ടെയ്നറുകൾ ഉൾപ്പെടെ വാഹനങ്ങളും കടന്നുപോകുന്ന ദേശീയപാതയാണിത് എന്നതു പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.ഇതിനെ തുടർന്ന് പാലങ്ങൾ പരിശോധനാ വിധേയമാക്കാൻ ഡൽഹിയിൽ നിന്നും സാങ്കേതിക വിദഗ്ധരുടെ സംഘമെത്തിയിരുന്നുവെങ്കിലും തുടർ നടപടികൾക്ക് പ്രതീക്ഷിച്ച വേഗമില്ലാത്ത സാഹചര്യത്തിലാണ് ഇക്കാര്യം ലോക്സഭയിൽ ഉന്നയിച്ചത്. നേരത്തേ ഇതു സംബന്ധിച്ചു പരാതി നൽകിയിരുന്നെങ്കിലും നടപടികൾ വൈകിയ സാഹചര്യത്തിലാണു സഭയിൽ ഉന്നയിച്ചത്. കണ്ടെയ്നർ റോഡിൽ തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിലും കടുത്ത അനാസ്ഥയാണെന്നു ഹൈബി കുറ്റപ്പെടുത്തി.