ADVERTISEMENT

വൈപ്പിൻ∙ ഒരു ഇടവേളയ്ക്കു ശേഷം ഉൾനാടൻ ജലാശയങ്ങളിൽ ചെമ്മീൻ ലഭ്യതയിൽ നേരിയ വർധന. നാരൻ ചെമ്മീനാണ് ചെറുവഞ്ചിക്കാർക്കും മറ്റും കൂടുതലായി കിട്ടുന്നത്. സാമാന്യം വലുപ്പമുള്ളതിനാൽ മോശമല്ലാത്ത വിലയും ലഭിക്കുന്നുണ്ട്.കാലാവസ്ഥ വ്യതിയാനവും വെള്ളത്തിലെ രാസ മാലിന്യ സാന്നിധ്യവും മൂലം പുഴയിലും ചെമ്മീൻകെട്ടുകളിലും പൊതുവേ മത്സ്യലഭ്യതയിൽ ഇടിവാണ് ദൃശ്യമായിരുന്നത്. ഇതിനു പുറമേ ആഫ്രിക്കൻ പായൽ ശല്യം കൂടി ആയതോടെ ചെലവിനുള്ള വക പോലും ലഭിക്കാത്ത അവസ്ഥയിലായിരുന്നു മത്സ്യത്തൊഴിലാളികൾ.

എന്നാൽ മഴ മാറിയതോടെ പാൽ ശല്യം കാര്യമായി കുറഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ചെമ്മീൻ ലഭ്യത മെച്ചപ്പെട്ടത്. അതേസമയം ഇത്തരത്തിൽ കൂടുതലായി ചെമ്മീൻ ലഭിച്ചു തുടങ്ങുന്നതിനൊപ്പം വൈറസ് രോഗവും ദൃശ്യമാണെന്ന് തൊഴിലാളികൾ പറയുന്നു. രോഗം ബാധിച്ച് റോസ് നിറത്തിലായ ചെമ്മീനുകളും കൂട്ടത്തിൽ ലഭിക്കുന്നുണ്ട്.അതേസമയം പുഴയിൽ ചെമ്മീൻ സാന്നിധ്യം വർധിച്ചതിന്റെ ഗുണം ചെമ്മീൻ കെട്ടുകൾക്ക് കാര്യമായി ലഭിക്കുന്നില്ല. പുഴയിൽ നിന്ന് നേരിട്ട് വെള്ളം കയറ്റുന്ന കെട്ടുകളിലേക്ക് മാത്രമേ ഈ ചെമ്മീനുകൾ എത്താൻ സാധ്യതയുള്ളൂ എന്ന് നടത്തിപ്പുകാർ പറയുന്നു. 

കെട്ടുകളിൽ നിന്ന് ഇപ്പോഴും വലുപ്പം കുറഞ്ഞ തെള്ളി ചെമ്മീൻ മാത്രമാണ് കൂടുതലായി ലഭിക്കുന്നത്. പരമാവധി 60 രൂപയാണ് ഇവയ്ക്ക് കിലോഗ്രാമിനു കിട്ടുന്നതെന്നും നടത്തിപ്പുകാർ പറയുന്നു. ഉണക്കുന്നതിനും പൊടിയാക്കുന്നതിനും വേണ്ടി തെള്ളി പ്രധാനമായും കയറ്റി പോകുകയാണ്. കിള്ളിയെടുക്കാൻ ബുദ്ധിമുട്ടായതിനാൽ പ്രാദേശിക വിപണിയിൽ വലിയ ഡിമാൻഡില്ല.ചൂടൻ,കാര തുടങ്ങിയ ഇനങ്ങൾ കെട്ടുകളിൽ നിന്ന് കാര്യമായി ലഭിക്കുന്നില്ല. രോഗബാധ ഭയന്നും മറ്റും പലരും ഇക്കുറി കെട്ടുകളിൽ കാര്യമായ തോതിൽ ചെമ്മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com