ആർക്കും വേണ്ടാതെ ഖാദി യൂണിറ്റ്
Mail This Article
കിഴക്കമ്പലം∙ ചേലക്കുളത്ത് സ്ഥാപിച്ചിട്ടുള്ള സംസ്ഥാന ഖാദി ബോർഡ് വ്യവസായ യൂണിറ്റിന്റെ പ്രവർത്തനം മന്ദഗതിയിൽ. ഏക്കർ കണക്കിനു ഭൂമിയും കെട്ടിടങ്ങളും കോടികൾ വിലമതിക്കുന്ന യന്ത്രസാമഗ്രികൾ അറ്റകുറ്റപ്പണികൾ നടത്താതെയും, പ്രവർത്തിക്കാതെയും തുരുമ്പിച്ച അവസ്ഥയിലാണ്. ഉൽപന്ന നീക്കത്തിനായി വാങ്ങിയ മിനി വാനും തുരുമ്പെടുത്ത് നശിക്കുകയാണ്. ഖാദി യൂണിറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാറി വരുന്ന സർക്കാരുകൾക്ക് നിവേദനം നൽകുന്നുണ്ടെങ്കിലും യാതൊരു പരിഹാരവും ഉണ്ടാകുന്നില്ലെന്ന് തൊഴിലാളികൾ പറഞ്ഞു.
പദ്ധതികൾ പേരിനു മാത്രം
സോപ്പ്, നോട്ട്ബുക്ക്, ഫയൽ, ക്യാരി ബാഗ് എന്നിവ നിർമിക്കുന്നതിനായി സ്ഥാപിച്ച യൂണിറ്റാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ട് മന്ദഗതിയിലായതെന്ന് നാട്ടുകാർ ആരോപിച്ചു. ഒട്ടേറെ ജോലിക്കാർ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ എണ്ണം കുറവാണ്. അടുത്തിടെ ഡിറ്റർജന്റ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നെങ്കിലും ഒരു മാസം കൊണ്ട് അതും നിർത്തി.
കാടു കയറി കെട്ടിടം
ചേലക്കുളത്തെ ഖാദി യൂണിറ്റ് കെട്ടിടത്തിന്റെ പല ഭാഗത്തും കാടു കയറിയ നിലയിലാണ്. ഗോഡൗണുകൾ ഉൾപ്പെടെ ഒട്ടേറെ സ്ഥലങ്ങൾ ഉണ്ടെങ്കിലും ശോച്യാവസ്ഥയിലാണ്. റോയൽ ഇന്ത്യ എന്ന പേരിൽ ഗുണനിലവാരമുള്ള ബാർ സോപ്പായിരുന്നു ഇവിടെ നേരത്തേ ഉൽപാദിപ്പിച്ചിരുന്നത്.
നോട്ട്ബുക്ക് നിർമാണം തുടങ്ങിയിരുന്നെങ്കിലും നിലവിൽ അത് നടക്കുന്നില്ല. സർക്കാരിന് വേണ്ടിയുള്ള ഫയലുകൾ മാത്രമാണ് നാമമാത്രമായി ഇപ്പോൾ ഇവിടെ നിർമിക്കുന്നത്. പ്ലാസ്റ്റിക് നിരോധനം വന്നതോടെ പേപ്പർ ക്യാരിബാഗുകൾ ഉൽപാദിപ്പിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്.