ഷോർട്ട് സർക്യൂട്ട്; വീടിനു തീപിടിച്ചു
Mail This Article
ആലങ്ങാട് ∙ വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലം വീടിനു തീപിടിച്ചു. അപകട സമയത്തു വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. കരുമാലൂർ ആശുപത്രിപ്പടി കല്ലറയ്ക്കൽ റോഡിൽ കല്ലുമഠത്തിൽ ഹരി ബാബുവിന്റെ വീടിനാണു തീപിടിച്ചത്. ഇന്നലെ വൈകിട്ടു മൂന്നിനായിരുന്നു അപകടം നടന്നത്. വീട്ടിൽ നിന്നു പുക ഉയരുന്നതു കണ്ട നാട്ടുകാരാണു കെഎസ്ഇബിയിലും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചത്. വിവരമറിയിച്ചതിനെ തുടർന്നു കെഎസ്ഇബി അധികൃതരെത്തി ഫ്യൂസ് ഊരിമാറ്റി. തുടർന്നാണു പറവൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തി തീയണച്ചത്.
വീടിന്റെ ഒരു മുറി പൂർണമായും കത്തിനശിച്ചു. മറ്റു മുറികളും പുക മൂടിയ അവസ്ഥയിലാണ്. വീട്ടിലുണ്ടായിരുന്ന ഇലക്ട്രിക് ഉപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു. കൂടാതെ ചൂടേറ്റു ജനൽ ചില്ലുകൾ തകരുകയും ചെയ്തിട്ടുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായി പറയുന്നു.