കാക്കനാട്ടെ ‘മംഗളവനം’ വെട്ടരുതെന്ന് നാട്ടുകാർ
Mail This Article
കാക്കനാട്∙ ഓലിമുകളിൽ സ്വാഭാവിക വന പ്രദേശമായി നിലകൊള്ളുന്ന സ്ഥലത്തെ വൃക്ഷങ്ങൾ വെട്ടുന്നതിനെതിരെ നാട്ടുകാർ. ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് വൃക്ഷങ്ങൾ വെട്ടി മാറ്റുന്നത്. ഓലിമുകൾ മസ്ജിദിന്റെ എതിർവശത്തുള്ള ഈ പ്രദേശം കാക്കനാടിന്റെ മംഗളവനം എന്നാണ് അറിയപ്പെടുന്നതെന്ന് മാവേലിപുരം റസിഡന്റ്സ് അസോസിയേഷൻ ജിസിഡിഎക്ക് നൽകിയ പരാതിയിൽ പറയുന്നു.
സംസ്ഥാന സർക്കാരിന്റെ ‘പച്ചത്തുരുത്ത്’ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലം സംരക്ഷിക്കണം. ഐടി ഹബ്ബും ജില്ലാ ഭരണ കേന്ദ്രവുമായ കാക്കനാട്ട് ഇത്തരം പ്രദേശം അപൂർവമാണ്. 10 വർഷം മുൻപും ഇവിടത്തെ മരങ്ങൾ വെട്ടിമാറ്റാൻ ശ്രമമുണ്ടായി. അന്നു സ്ത്രീകൾ ഉൾപ്പെടെ പ്രദേശവാസികളെത്തിയാണ് തടഞ്ഞത്. ഓണം പാർക്ക്, കെ.ടി.ജോർജ് പാർക്ക്, ട്രയാങ്കുലർ പാർക്ക് തുടങ്ങിയവയ്ക്കു സമീപമാണ് മരങ്ങൾ തിങ്ങി നിൽക്കുന്ന സ്ഥലം.