റെയിൽവേ ടിക്കറ്റ് കൗണ്ടർ അടച്ചുപൂട്ടും
Mail This Article
പിറവം∙ ഗ്രാമീണ പ്രദേശങ്ങളിലെ യാത്രക്കാർക്കു പ്രയോജനകരമാകുന്ന നിലയിൽ സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചിരുന്ന റെയിൽവേയുടെ ടിക്കറ്റ് റിസർവേഷൻ കൗണ്ടർ നിർത്തലാക്കുന്നു. ചെലവു ചുരുക്കലിന്റെ ഭാഗമായാണു നടപടി എന്നാണു വിവരം . ഇന്നലെ ടിക്കറ്റ് റിസർവേഷനുള്ള ലിങ്ക് ഇവിടെ ലഭിച്ചില്ല. ഇന്നു കൂടി മാത്രമെ കൗണ്ടറിന്റെ പ്രവർത്തനം ഉണ്ടാവുകയുള്ളൂ എന്ന അറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട്.
രാജ്യത്ത് എവിടേക്കും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തിൽ 2013 ലാണ് കൗണ്ടർ ആരംഭിച്ചത്. ആദ്യ വർഷങ്ങളിലെല്ലാം മികച്ച നിലയിലായിരുന്നു പ്രവർത്തനം. പിൽക്കാലത്ത് ടിക്കറ്റ് ബുക്കിങ്ങുകളുടെ എണ്ണം കുറഞ്ഞു. ഒടുവിൽ നടത്തിയ ഓഡിറ്റിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിർത്തലാക്കുന്നതിനുള്ള നീക്കം ആരംഭിച്ചത്.ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ നഗരസഭാ അധികൃതർക്കു കത്തു നൽകിയെങ്കിലും മറുപടി ലഭിച്ചില്ലെന്നാണു വിവരം. കൗണ്ടർ നിർത്തലാക്കുന്നതിനെതിരെ യാത്രക്കാർ രംഗത്തെത്തിയിട്ടുണ്ട്. പ്രശ്നത്തിൽ ജനപ്രതിനിധികൾ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.