കെട്ടിട നികുതി: മുഴുവൻ കെട്ടിടങ്ങളെയും കെ സ്മാർട്ടിലാക്കും; ഉൾപ്പെടാതെ പോയ കെട്ടിടങ്ങൾ കണ്ടെത്തും
Mail This Article
കൊച്ചി ∙ കെ സ്മാർട് ആപ്ലിക്കേഷന്റെ ഡേറ്റയിൽ ഉൾപ്പെടാതെ പോയ കെട്ടിടങ്ങളുടെ വിവരശേഖരണം നടത്താൻ കോർപറേഷൻ നടപടികൾ തുടങ്ങി. കെ സ്മാർട് ആപ്ലിക്കേഷനിൽ ഉൾപ്പെടാത്തതു മൂലം നികുതി അടയ്ക്കാൻ കഴിയുന്നില്ലെന്ന പരാതി വ്യാപകമായതിനെ തുടർന്നാണിത്. നഗരത്തിലെ മൊത്തം കെട്ടിടങ്ങളിൽ 20% കെട്ടിടങ്ങൾ കെ സ്മാർട് ആപ്ലിക്കേഷന്റെ ഡേറ്റയിൽ ഉൾപ്പെട്ടിട്ടില്ലെന്നാണു കരുതുന്നത്. ഇതു മൂലം ഈ കെട്ടിടങ്ങളുടെ നമ്പറുകൾ ഓൺലൈനായി നൽകുമ്പോൾ വിവരങ്ങൾ ലഭ്യമല്ലെന്നാണു കാണിക്കുന്നത്. ഇതു പരിഹരിക്കുന്നതു വരെ 2 മാസം ഓൺലൈനായി അല്ലാതെ കോർപറേഷൻ ഓഫിസിൽ നേരിട്ടും കെട്ടിട നികുതി സ്വീകരിക്കാൻ സംവിധാനമേർപ്പെടുത്തുമെന്നു മേയർ എം. അനിൽകുമാർ പറഞ്ഞു.
10% കെട്ടിടങ്ങൾ, അതായത് ഏകദേശം 30,000 കെട്ടിടങ്ങൾ കെ സ്മാർട് ആപ്ലിക്കേഷന്റെ ഡേറ്റയിൽ ഉൾപ്പെട്ടിട്ടില്ലെന്നാണു കോർപറേഷൻ അധികൃതർ പറയുന്നത്. എന്നാൽ അതിൽ കൂടുതൽ കെട്ടിടങ്ങൾ ഡേറ്റയ്ക്കു പുറത്താണെന്നു യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എം.ജി. അരിസ്റ്റോട്ടിൽ പറഞ്ഞു. 60,000 കെട്ടിടങ്ങൾ പുറത്താണ്. ഇതു മൂലം ആളുകൾക്കു നികുതി അടയ്ക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും യുഡിഎഫ് ആരോപിച്ചു.കെട്ടിടങ്ങളുടെ ഡേറ്റാ എൻട്രി നടത്താൻ ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരെ വരെ കോർപറേഷൻ ഏർപ്പെടുത്തിയിരുന്നു. എന്നാൽ കെ സ്മാർട് ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്യുന്നതിനു മുൻപ് ഇതു പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
ഇക്കാര്യത്തിൽ കോർപറേഷൻ ഉദ്യോഗസ്ഥർക്കു സംഭവിച്ച വീഴ്ച മേയർ എടുത്തു പറഞ്ഞു. നഗരത്തിലെ മുഴുവൻ കെട്ടിടങ്ങളെയും റജിസ്റ്ററിൽ ഉൾപ്പെടുത്തി നികുതി വരുമാനം വർധിപ്പിക്കണം. കെട്ടിട നികുതി, തൊഴിൽ നികുതി, പരസ്യ നികുതി എന്നിങ്ങനെ എല്ലാ മേഖലകളിൽ നിന്നുമുള്ള തനതു വരുമാനം വർധിപ്പിക്കാനാണു കോർപറേഷൻ ശ്രമിക്കുന്നത്. തൊഴിൽ നികുതി വർധിപ്പിക്കാനായി പ്രത്യേക ഡ്രൈവ് നടത്തി എല്ലാ തൊഴിൽ വിഭാഗക്കാരിൽ നിന്നും നികുതി ഈടാക്കുമെന്നും മേയർ പറഞ്ഞു.