മാലിന്യക്കൂമ്പാരമായി എൻഎഡി റോഡ്
Mail This Article
കളമശേരി ∙നഗരസഭയിലെ 7 വാർഡുകളുടെ പ്രധാന സഞ്ചാര മാർഗമായ എൻഎഡി റോഡിന്റെ ഇരുവശവും പലഭാഗത്തും ജൈവവും അജൈവുമായ മാലിന്യം നിറയുകയാണ്. രാപകൽ വ്യത്യാസമില്ലാതെയാണ് തണ്ണീർത്തടങ്ങളിലേക്ക് മാലിന്യം കൊണ്ടുവന്നു തള്ളുന്നത്. 5 കിലോമീറ്ററോളം ദൂരമുള്ള ഇടുങ്ങിയ എൻഎഡി റോഡിൽ ബസ്ബേകളെല്ലാം മാലിന്യം നിറഞ്ഞിരിക്കുകയാണ്.റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ച എൻഎഡി റോഡരികിലെ മാലിന്യം നീക്കം ചെയ്യാതെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു തണ്ണീർത്തടങ്ങളിലേക്കു തള്ളിനീക്കിയിരിക്കുകയാണ്.
മാലിന്യം വലിച്ചെറിയുന്നതു തടയുന്നതിനുള്ള ശ്രമങ്ങളൊന്നും എൻഎഡിയൊ നഗരസഭയൊ കൈക്കൊള്ളുന്നില്ല. പൈപ്‌ലൈൻ റോഡിനു സമീപം 50 മീറ്ററോളം ദൂരത്തിൽ മാലിന്യം നിറഞ്ഞിരിക്കുകയാണ്. മറ്റൊരിടത്ത് ഇന്നലെ ഉച്ചകഴിഞ്ഞു മാലിന്യത്തിന് ആരോ തീയിട്ടു. വിഷപ്പുക ശ്വസിച്ചവശരായ നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചു ഫയർഫോഴ്സെത്തി മാലിന്യത്തിലെ തീ അണയ്ക്കുകയായിരുന്നു. ജനങ്ങളുടെ ദുരിതത്തിനു പരിഹാരം കാണാൻ നഗരസഭാ കൗൺസിലും ഗൗരവം കാണിക്കുന്നില്ല. തുടർച്ചയായി മാലിന്യം കൊണ്ടുവന്നു തള്ളിയിട്ടും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോ ആരോഗ്യ സ്ഥിര സമിതിയൊ ഇവിടേക്കു തിരിഞ്ഞുനോക്കുന്നില്ല.
ഉറവിട മാലിന്യ സംസ്കരണത്തിനു 7000 എയ്റോബിക് വേസ്റ്റ് ബിന്നുകൾ വിതരണം ചെയ്തുവെന്ന് അവകാശപ്പെടുന്ന നഗരസഭ അവ ഉപയോഗിക്കുന്നതിനുള്ള നിർബന്ധം കാണിക്കുന്നില്ല. ബിന്നുകൾ വിതരണം ചെയ്ത വീടുകളിൽ നിന്ന് ഇപ്പോഴും മാലിന്യം ശേഖരിക്കുന്ന നഗരസഭ അവയെല്ലാം പണം നൽകി സ്വകാര്യ ഏജൻസിക്കു കൈമാറുകയാണ്. ഇതുവഴി ലക്ഷക്കണക്കിനു രൂപയുടെ അധിക ചെലവാണ് ഓരോ മാസവും നഗരസഭ നേരിടുന്നത്.