ADVERTISEMENT

തൃപ്പൂണിത്തുറ ∙ ഉഗ്ര സ്ഫോടനത്തിൽ ജനൽച്ചില്ലുകൾ പൊട്ടിച്ചിതറി വീഴുന്നതു കണ്ടു സമീപത്തെ വീട്ടുകാർ സ്തംഭിച്ചു. എന്താണു സംഭവിക്കുന്നതെന്നറിയാതെ ആദ്യം പകച്ചുപോയവർ വീടുകളിൽ നിന്നു പുറത്തിറങ്ങിയപ്പോഴാണു പുക ഉയരുന്നതു കണ്ടത്. പിന്നീടങ്ങോട്ട് സൈറൺ മുഴക്കി ആംബുലൻസുകളുടെയും അഗ്നിരക്ഷാ സേന വാഹനങ്ങളുടെയും നീണ്ട നിരയാണു ചൂരക്കോട് തെക്കുംഭാഗം പ്രദേശം കണ്ടത്. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ തന്നെ മുന്നിട്ടിറങ്ങി.

1. തൃപ്പൂണിത്തുറ ചൂരക്കാട് ഉണ്ടായ പൊട്ടിത്തെറിയുടെ ആഘാതത്തിൽ ശ്രീധരത്തിൽ ശശിധര പണിക്കരുടെ വീടിന്റെ മേൽക്കൂര തകർന്ന നിലയിൽ, 2. സ്ഫോടനത്തിൽ തകർന്ന വീടുകൾ സന്ദർശിക്കുന്നതിനിടെ കാലിനു മുറിവേറ്റ ഹൈബി ഈഡൻ എംപിക്കു പ്രാഥമിക ചികിത്സ നൽകാൻ നിർദേശിക്കുന്ന കലക്ടർ എൻ.എസ്.കെ. 
ഉമേഷ്.
1. തൃപ്പൂണിത്തുറ ചൂരക്കാട് ഉണ്ടായ പൊട്ടിത്തെറിയുടെ ആഘാതത്തിൽ ശ്രീധരത്തിൽ ശശിധര പണിക്കരുടെ വീടിന്റെ മേൽക്കൂര തകർന്ന നിലയിൽ, 2. സ്ഫോടനത്തിൽ തകർന്ന വീടുകൾ സന്ദർശിക്കുന്നതിനിടെ കാലിനു മുറിവേറ്റ ഹൈബി ഈഡൻ എംപിക്കു പ്രാഥമിക ചികിത്സ നൽകാൻ നിർദേശിക്കുന്ന കലക്ടർ എൻ.എസ്.കെ. ഉമേഷ്.

ജനൽച്ചില്ലുകൾ കൊണ്ടു മുറിവേറ്റവരെയടക്കം സമീപവാസികളെ ആരോഗ്യ വകുപ്പധികൃതരും പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ഹൈബി ഈഡൻ എംപി, കലക്ടർ എൻ.എസ്.കെ.ഉമേഷ്, നഗരസഭാധ്യക്ഷ രമ സന്തോഷ്, ഡിസിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

പരുക്കേറ്റവർ എറണാകുളം ജനറൽ ആശുപത്രി, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി. പരുക്കേറ്റവർ: ശ്രീകണ്ഠൻ (50), തിരുവനന്തപുരം കടയ്ക്കൽ സ്വദേശി ഉണ്ണി (38), നിരീക്ഷ (34), തൃപ്പൂണിത്തുറ ‘ശ്രീധരത്തിൽ’ ജയശ്രീ (62), വനജ (60), പാർവതി (83), ഗാന്ധിനഗർ സ്വദേശി സേതുമാധവൻ (64), ശശി (60), ആൻ റോസ് (23), ചൂരക്കാട് കൊച്ചുപറമ്പിൽ ഉണ്ണി (27), ചൂരക്കാട് രേഷ്മ നിവാസിൽ ദേവ പ്രയാഗ് (രണ്ടര), പള്ളുരുത്തി കൂട്ടുങ്ങൽ സൻജയൻ (40), തെക്കുംഭാഗം വിളങ്ങാട്ടിൽ എം.എൻ.ഓമന (71), ചാലിശേരിൽ സരസ്വതി (78), സ്മിഷ (41), അഭിശ്രീ (നാല്), അഭിരാമി (നാല്), മധു (60), സരോജിനി (83).

നിയമസഭയിൽ ഇന്ന‌് സബ്മിഷൻ ഉന്നയിക്കു‌ം: കെ. ബാബു
തൃപ്പൂണിത്തുറ ∙ സ്ഫോടനത്തെക്കുറിച്ച് ഇന്നു നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുമെന്നു കെ.ബാബു എംഎൽഎ അറിയിച്ചു. സംഭവത്തിൽ സർക്കാർ സമഗ്ര അന്വേഷണം നടത്തണമെന്നും തകർന്ന വീടുകളുടെ ഉടമകൾക്കു നഷ്ടപരിഹാരം നൽകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

ഉത്തരവാദിത്തമില്ലെന്ന് ദേവസ്വം ഭാരവ‌ാഹികൾ
തൃപ്പൂണിത്തുറ ∙ ചൂരക്കാട് ഉണ്ടായ സ്ഫോടനത്തിൽ ക്ഷേത്രം ദേവസ്വത്തിനോ തെക്കുപുറം കരയോഗത്തിനോ ഉത്തരവാദിത്തം ഇല്ലെന്ന നിലപാടിലാണു ഭാരവാഹികൾ. ക്ഷേത്രത്തിൽ നിന്ന് 750 മീറ്ററിൽ ഏറെ മാറി വടക്കുപുറം കരയോഗത്തിന്റെ സ്ഥലത്താണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം തെക്കുപുറം കരയോഗത്തിന്റെ വെടിക്കെട്ട് ശാന്തമായി നടന്നതാണെന്നും ഇവർ പറയുന്നു.

നടന്നത് വൻ ദുരന്തം: ഹൈബി ഈഡൻ
തൃപ്പൂണിത്തുറ∙ ചിന്തിക്കാൻ കഴിയാത്തത്ര വലിയ ദുരന്തമാണു പുതിയകാവിൽ സംഭവിച്ചതെന്നു ഹൈബി ഈഡൻ‌ എംപി. ഒരു പ്രദേശത്തെ 2 കിലോമീറ്റർ ചുറ്റളവിൽ ആഘാതം ഉണ്ടായതു സ്ഫോടനത്തിന്റെ വ്യാപ്തിയുടെ സൂചനയാണ്. അനധികൃതമായാണു വെടിമരുന്നു സൂക്ഷിച്ചത്. പരുക്കേറ്റവരുടെ ജീവൻ രക്ഷിക്കുക എന്നതിനാണു പ്രഥമ പരിഗണന. തകർന്ന താമസസ്ഥലങ്ങൾ ഇനി എപ്പോഴാണ് ഉപയോഗിക്കാൻ കഴിയുക എന്നറിയാത്ത അവസ്ഥയിലാണു ജനം– അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com