കുത്തിയതോട് ദേശീയപാതയോരത്ത് പ്രധാന പൈപ്പ് പൊട്ടി
Mail This Article
അരൂർ∙തുറവൂർ – അരൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ജോലികൾ നടക്കുന്നതിനിടെ ജപ്പാൻ ശുദ്ധജല പദ്ധതിയുടെ ദേശീയപാതയോരത്ത് കുത്തിയതോട് എൻസിസി കവലയ്ക്കു സമീപമുള്ള പ്രധാന പൈപ്പ് പൊട്ടി. തൈക്കാട്ടുശേരി ശുചീകരണ സംഭരണിയിൽ നിന്നു തുറവൂർ,കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ എന്നീ പഞ്ചായത്തുകളിലേക്ക് പോകുന്ന ജല സംഭരണികളിലേക്ക് വെള്ളമെത്തിക്കുന്ന 40 എംഎം വ്യാസമുള്ള പൈപ്പാണ് പൊട്ടിയത്.
കഴിഞ്ഞ രാത്രിയാണ് പൈപ്പ് പൊട്ടിയത്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ സമീപത്തെ ചുറ്റുമതിലുകൾക്ക് നാശം സംഭവിച്ചു. നാട്ടുകാർ വിവരമറിയിച്ചതോടെ അധികൃതർ പമ്പിങ് നിർത്തി.പൈപ്പ് പൊട്ടിയ ഭാഗത്ത് മണൽ നീക്കിയതിന് ശേഷം പൊട്ടിയ പൈപ്പ് മുറിച്ചുമാറ്റി.
പൈപ്പിലെ വെള്ളം പൂർണമായും ഒഴുക്കി കളഞ്ഞതിനു ശേഷം ഇന്നലെ (വ്യാഴം)രാവിലെ ജോലി തുടങ്ങി. ഇന്ന് വൈകിട്ടോടെ പമ്പിങ് ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. അടിക്കടി പൈപ്പ് പൊട്ടുന്നത് ഒഴിവാകണമെങ്കിൽ നിലവിലെ പൈപ്പ് മാറ്റി 450 എംഎം വ്യാസമുള്ള ഡക്റ്റൈൽ അയൺ(ഡിഐ) പൈപ്പ് സ്ഥാപിക്കണം.
ഇതിനായി ഉയരപ്പാത നിർമാണം തുടങ്ങുന്നതിന് മുൻപ് ജല അതോറിറ്റി അധികൃതർ 20 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ദേശീയപാത അധികൃതർക്ക് കൈമാറിയിരുന്നു. എന്നാൽ ഇത്രയും തുക മുടക്കാൻ ഉയരപ്പാത കരാർ കമ്പനി തയാറായില്ല.ഇതുമായി ബന്ധപ്പെട്ട തർക്കം തുടരുകയാണ്.