ജുഡീഷ്യൽ സിറ്റി: ജഡ്ജിമാരുടെ സംഘവും മന്ത്രിയും സ്ഥലം സന്ദർശിച്ചു
Mail This Article
കളമശേരി ∙ ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാൻ ലക്ഷ്യമിട്ട എച്ച്എംടി എസ്റ്റേറ്റിലെ സ്ഥലം ഹൈക്കോടതി ജഡ്ജിമാരുടെ സംഘം സന്ദർശിച്ചു. ജഡ്ജിമാരായ ബെച്ചു കുര്യൻ തോമസ്, രാജ വിജയരാഘവൻ, സതീഷ് നൈനാൻ, മുഹമ്മദ് മുഷ്താഖ്, മന്ത്രി പി. രാജീവ്, കലക്ടർ എൻ.എസ്.കെ. ഉമേഷ്, സ്റ്റേറ്റ് അറ്റോർണി ജനറൽ എൻ. മനോജ്കുമാർ, പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ ടി.എ. ഷാജി, റവന്യു ഉദ്യോഗസ്ഥർ എന്നിവരാണു സ്ഥല പരിശോധന നടത്തിയത്.
എച്ച്എംടിക്കു സ്വതന്ത്ര വിനിമയത്തിനു ലഭിച്ച 27 ഏക്കർ ഭൂമിയും സമീപത്ത് എച്ച്എംടിയുടെ തന്നെ ഉടമസ്ഥതയിലുള്ള 23 ഏക്കർ ഭൂമിയുമാണു ജഡ്ജിമാരടങ്ങിയ സംഘം സന്ദർശിച്ചത്. ഈ 27 ഏക്കറിനു പുറമേ, ഫാക്ടറി ഉൾപ്പെടുന്ന സ്ഥലമുൾപ്പെടെ 348 ഏക്കർ ഭൂമിയാണ് ഇപ്പോൾ എച്ച്എംടിയുടെ ഉടമസ്ഥതയിലുള്ളത്.
അധികമായി വേണമെന്ന് ആഗ്രഹിക്കുന്ന 23 ഏക്കർ, നിർദിഷ്ട സീപോർട്ട്– എയർപോർട്ട് റോഡിനു അഭിമുഖമായി കിടക്കുന്ന ഭൂമിയാണ്. ഈ ഭൂമി ലഭിക്കുന്നതിനു കേന്ദ്ര സർക്കാരിന്റെ അനുമതി വേണം. സീപോർട്ട്– എയർപോർട്ട് റോഡിന്റെ വികസനത്തിനു 4 ഏക്കർ ഭൂമി ആവശ്യപ്പെട്ടു വർഷങ്ങളായി സർക്കാർ എച്ച്എംടിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. സീപോർട്ട് – എയർപോർട്ട് റോഡിന്റെ വികസനം തടസ്സപ്പെട്ടു കിടക്കുന്നതിന്റെ പ്രധാന കാരണവും എച്ച്എംടിയുടെ നിലപാടാണ്.
ഹൈക്കോടതി സമുച്ചയം നിർമിക്കുന്നതിനു 27 ഏക്കറിനു പുറമേ, 23 ഏക്കർ കൂടി ലഭ്യമാക്കുന്നതിനുള്ള തുടർ ചർച്ചകൾ നടത്തുമെന്നു മന്ത്രി പി. രാജീവ് അറിയിച്ചു.