ഭൂമി തരം മാറ്റൽ: ആശ്വാസമായി അദാലത്ത്, അലച്ചിലുകൾക്ക് വിട; ഇനി വീടൊരുക്കാം
Mail This Article
മൂവാറ്റുപുഴ∙ സ്വന്തമായി ഭൂമി ഉണ്ടായിരുന്നിട്ടും വീടു നിർമിക്കാനും മറ്റും ഭൂമി തരം മാറ്റാൻ കഴിയാതെ ഓഫിസുകൾ കയറിയിറങ്ങി മടുത്തവരായിരുന്നു അപേക്ഷകരിൽ കൂടുതലും. 6 വർഷം മുൻപ് വെള്ളൂർക്കുന്നം വില്ലേജിൽ വാങ്ങിയ ഭൂമിയിൽ വീടു നിർമിക്കാൻ വാങ്ങിയ 6 സെന്റ് ഭൂമി ഭാര്യയുടെ ചികിത്സാ ആവശ്യങ്ങൾക്കായി വിൽക്കാൻ ശ്രമിച്ചപ്പോഴാണു രേഖകളിൽ നിലം എന്നു രേഖപ്പെടുത്തിയിരിക്കുന്ന വിവരം അരീക്കപ്പിള്ളിൽ വീട്ടിൽ ഇ.പി. കുഞ്ഞപ്പനും ഭാര്യ കെ. ഇ. സരോജവും അറിയുന്നത്.
തുടർന്ന് കരഭൂമിയായി മാറ്റി ലഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചെങ്കിലും നടപടികൾ നീണ്ടു പോകുകയായിരുന്നു. നാല് മാസം മുൻപാണ് കരഭൂമിയായി ലഭിക്കുന്നതിന് അക്ഷയ കേന്ദ്രം വഴി അപേക്ഷ സമർപ്പിക്കുന്നത്. പിന്നീട് അതിവേഗം നടപടികൾ പൂർത്തിയായി സർട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇരുവരും. 5 വർഷമായി തുടരുന്ന കാത്തിരിപ്പിനൊടുവിലാണ് തിരുവാണിയൂർ വില്ലേജിൽ മലയിൽ വീട്ടിൽ വി.കെ. മണിക്കും ഭാര്യ ഷിജിക്കും 10 സെന്റ് ഭൂമി കരഭൂമിയായി മാറ്റി ലഭിച്ചത്. 2023 നവംബറിൽ ഭൂമി തരം മാറ്റത്തിനായി വീണ്ടും ഓൺലൈനിൽ നൽകിയ അപേക്ഷയിലാണ് മാസങ്ങൾക്കുള്ളിൽ തന്നെ ഭൂമി തരം മാറ്റിയ ഉത്തരവ് ലഭിച്ചത്.
സങ്കീർണതയെല്ലാം ലളിതമായി
അക്ഷയ കേന്ദ്രത്തിലൂടെ ഭൂമി തരംമാറ്റുന്നതിന് അപേക്ഷ കൊടുക്കുന്നത് ഉൾപ്പെടെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതു വരെയുള്ള നടപടിക്രമങ്ങൾ വളരെ ലളിതമായിരുന്നു എന്നാണു അദാലത്തിൽ നിന്നു സർട്ടിഫിക്കറ്റ് ലഭിച്ച പലരും പറയുന്നത്. വളരെ സങ്കീർണമായ നടപടി ക്രമങ്ങളിലൂടെ കടന്നുപോയിരുന്ന ഭൂമി തരംമാറ്റൽ ലളിതമായ നടപടിക്രമങ്ങളിലേക്കു ചുരുങ്ങിയത് ഒട്ടേറെ പേർക്ക് ആശ്വാസമായെന്നും സർട്ടിഫിക്കറ്റ് ലഭിച്ച പട്ടിമറ്റം പാറയിൽ വീട്ടിൽ പി. പി. മൊയ്തീൻ പറയുന്നു.
2023 ഡിസംബറിലാണ് മൊയ്തീന്റെ പേരിലുള്ള 8 സെന്റ് സ്ഥലം കരഭൂമിയായി മാറ്റി ലഭിക്കുന്നതിന് അക്ഷയ കേന്ദ്രം വഴി അപേക്ഷ സമർപ്പിച്ചത്. അപേക്ഷ സമർപ്പിച്ച ശേഷം വില്ലേജ് ഓഫിസിൽ നിന്ന് വിളിക്കുകയും വില്ലേജ് അസിസ്റ്റന്റ് വന്ന് സ്ഥലം പരിശോധിക്കുകയും ചെയ്തു. തുടർന്ന് ഭൂമി തരം മാറ്റത്തിനായി സമർപ്പിച്ച അപേക്ഷയിൽ അനുകൂല ഉത്തരവ് ലഭിച്ചതായി എസ്എംഎസ് വരികയും ചെയ്തു. ഭൂമി തരം മാറ്റം അപേക്ഷയുടെ നടപടിക്രമങ്ങളെല്ലാം ഓൺലൈൻ ആയതുകൊണ്ടും അപേക്ഷയുടെ ഓരോ ഘട്ടവും മൊബൈലിൽ എസ്എംഎസ് വഴി ലഭിക്കുന്നതു കൊണ്ടും ഓഫിസുകൾ കയറിയിറങ്ങി നടക്കേണ്ട അവസ്ഥ ഉണ്ടായില്ലെന്നും മൊയ്തീൻ പറഞ്ഞു.