ചൂരക്കാട് സ്ഫോടനം: കരാറുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തി
Mail This Article
തൃപ്പൂണിത്തുറ ∙ തെക്കുംഭാഗം ചൂരക്കാട് ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടു കരാറുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം ശാസ്തവിള ആയിരുപാറ മടവൂർ തുണ്ടത്തിൽ പ്ലാവില വീട്ടിൽ ആദർശിന്റെ അറസ്റ്റാണു ഹിൽപാലസ് പൊലീസ് രേഖപ്പെടുത്തിയത്. സ്ഫോടനത്തിൽ പരുക്കേറ്റ് എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കുന്ന ആദർശ് പരുക്കു ഭേദമായാൽ കടന്നുകളയുമെന്ന ആശങ്ക മൂലമാണു ഡോക്ടറുടെ അനുവാദത്തോടെ ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തത്. റിമാൻഡ് നടപടികളുടെ ഭാഗമായി മജിസ്ട്രേട്ട് ഇന്നു നേരിട്ട് ആശുപത്രിയിലെത്തും.
ആദർശിനു പടക്ക നിർമാണത്തിനു ലൈസൻസ് ഇല്ലെന്ന കാര്യം പൊലീസ് ഗൗരവത്തോടെയാണു കാണുന്നത്. ആദർശിന്റെ അമ്മ ആനന്ദവല്ലിയുടെ പേരിലായിരുന്നു ലൈസൻസ്. 6 മാസം മുൻപ് ആനന്ദവല്ലി മരിച്ചതോടെ ഈ ലൈസൻസ് റദ്ദായി. ഇതു മറച്ചുവച്ചാണ് ആദർശും സഹോദരനും പടക്കനിർമാണവും വെടിക്കെട്ടു നടത്തിപ്പും തുടർന്നത്.
അതേസമയം, സ്ഫോടനക്കേസിലെ പ്രതികളായ വടക്കുംപുറം കരയോഗം ഭാരവാഹികൾ മുൻകൂർ ജാമ്യത്തിനു ശ്രമിച്ചേക്കുമെന്നു സൂചനയുണ്ട്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഇവർ നാളെ കോടതിയിൽ കീഴടങ്ങിയേക്കും. കേസ് എടുത്തതോടെ ഇവർ ഒളിവിൽ പോവുകയായിരുന്നു.
ഇവരെ കണ്ടെത്താൻ 11 പേരടങ്ങുന്ന പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചിട്ടുണ്ട്. പുതിയകാവു തെക്കുംഭാഗം കരയോഗം ഭാരവാഹികൾ അടക്കം 9 പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തെക്കുപുറം താലപ്പൊലിയുടെ ഭാഗമായി ക്ഷേത്രത്തിൽ തെക്കുംപുറം കരയോഗത്തിന്റെ നേതൃത്വത്തിൽ നടന്ന വെടിക്കെട്ടിനു ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇല്ലാതിരുന്നതാണ് അറസ്റ്റിലേക്കു നയിച്ചത്.