ADVERTISEMENT

ചോറ്റാനിക്കര ∙ സർവാഭരണ വിഭൂഷിതയായി ദേവി വില്വമംഗലം സ്വാമിക്കു വിശ്വരൂപ ദർശനം നൽകിയ പുണ്യദിനം അനുസ്മരിച്ചു ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പ്രസിദ്ധമായ മകം തൊഴൽ. ഉച്ചയ്ക്ക് രണ്ടിനാണു മകം ദർശനത്തിനായി നട തുറക്കുക.

ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ മകം തൊഴാനായി എത്തിയ ഭക്തർ
ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ മകം തൊഴാനായി എത്തിയ ഭക്തർ

രാത്രി 10.30 വരെ ഭക്തർക്കു ദർശനത്തിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശേഷപ്പെട്ട തങ്ക ഗോളകയും ആഭരണങ്ങളും പട്ടുടയാടകളും താമരമാലയും അണിഞ്ഞു സർവാഭരണ വിഭൂഷിതയായി നെയ് വിളക്കിന്റെ കാന്തിയിൽ അഭയവരദ മുദ്രകളോടെ ദർശനം നൽകുന്ന ദേവിയെ കാണാൻ ഭക്തസഹസ്രങ്ങൾ ചോറ്റാനിക്കരയിലെത്തും. ഇന്നലെ ഉച്ചയോടെ തന്നെ ഭക്തർ ക്യൂവിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ദർശനത്തിനെത്തുന്ന സ്ത്രീകളെ     പടിഞ്ഞാറേ നടയിലൂടെയും പുരുഷന്മാരെയും കുടുംബമായി എത്തുന്നവരെയും വടക്കേ പൂരപ്പറമ്പിലൂടെയുമാണു ക്ഷേത്രത്തിലേക്കു പ്രവേശിപ്പിക്കുക.

chottanikkara-temple-6

രാവിലെ 5.30ന് ഓണക്കുറ്റിച്ചിറയിൽ ആറാട്ടും ഇറക്കിപ്പൂജയും നടക്കുന്നതോടെ മകം ചടങ്ങുകൾക്കു തുടക്കമാകും.ആറാട്ടുകടവിൽ പറ സ്വീകരിച്ചശേഷം ദേവി ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. ചോറ്റാനിക്കര എൻഎസ്എസ് കരയോഗത്തിനു മുന്നിലും പറ സ്വീകരിക്കും. തുടർന്ന് 7 ആനകൾ അണിനിരക്കുന്ന മകം എഴുന്നള്ളിപ്പ്. ചോറ്റാനിക്കര മുരളീധര മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം, തുടർന്ന് ഉദയനാപുരം സി.എസ്. ഉദയകുമാറിന്റെയും സംഘത്തിന്റെയും സ്പെഷൽ നാഗസ്വരം. ഉച്ചയ്ക്ക് 1നു മകം ഒരുക്കങ്ങൾക്കായി നട അടക്കും. മകം ദർശനത്തിനായി 2നു നട തുറക്കും. 11നു മങ്ങാട്ടുമനയിലേക്കു പുറപ്പെട്ട് ഇറക്കിപ്പൂജ, തിരികെ ക്ഷേത്രത്തിലെത്തി മകം വിളക്കിനെഴുന്നള്ളിപ്പ്.

1000 പൊലീസ്
മകം തൊഴാനെത്തുന്ന ഭക്തരുടെ സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനുമായി റൂറൽ എസ്പിയുടെ നേതൃത്വത്തിൽ ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു. 5 ഡിവൈഎസ്പിമാർ മേൽനോട്ടം വഹിക്കും. മോഷ്ടാക്കളെയും ഗുണ്ടകളെയും നിരീക്ഷിക്കാൻ മഫ്തി പൊലീസ് ഉൾപ്പെടുന്ന പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. ക്ഷേത്രത്തിലും പരിസരത്തും 80 നിരീക്ഷണ     ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

ചോറ്റാനിക്കരയിൽ മകം തൊഴുന്ന ഭക്തർ
ചോറ്റാനിക്കരയിൽ മകം തൊഴുന്ന ഭക്തർ
ചോറ്റാനിക്കരയിൽ മകം തൊഴുന്ന ഭക്തർ
ചോറ്റാനിക്കരയിൽ മകം തൊഴുന്ന ഭക്തർ
ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ മകം തൊഴാനായി എത്തിയ ഭക്തർ
ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ മകം തൊഴാനായി എത്തിയ ഭക്തർ

ഗതാഗത നിയന്ത്രണം
മുളന്തുരുത്തി ഭാഗത്തു നിന്നും തിരുവാങ്കുളം, കുരീക്കാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ക്ഷേത്രത്തിനു മുൻവശത്തെ റോഡിൽ പ്രവേശിക്കാതെ ബൈപാസ് റോഡ് വഴി പോകണം. വെണ്ണിക്കുളം, മുരിയമംഗലം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ അടിയാക്കൽ പാലത്തിലൂടെ എംഎൽഎ റോഡ് വഴി പ്രധാന റോഡിൽ പ്രവേശിച്ച് ബൈപാസ് വഴി പോകണം. ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡിൽ ഗതാഗതം അനുവദിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com