ലഹരിമാഫിയ പിടിമുറുക്കുന്നു; ജാഗ്രതാസമിതി രൂപീകരിച്ചു
Mail This Article
ആലങ്ങാട് ∙ കരുമാലൂർ മാട്ടുപുറത്തും പരിസര പ്രദേശങ്ങളിലും ലഹരിമാഫിയ പിടിമുറുക്കുന്നു. ഒന്നാം വാർഡ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ജാഗ്രതാസമിതി രൂപീകരിച്ചു. പഞ്ചായത്ത് അംഗം എ.എം.അലി ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷാജി അധ്യക്ഷനായി.പുറമേ നിന്നെത്തുന്ന 16 നും 25 നും ഇടയിൽ പ്രായമുള്ള യുവാക്കളാണു രാസലഹരി വസ്തുക്കൾ ഉൾപ്പെടെ പ്രദേശത്ത് എത്തിക്കുന്നതെന്നു ജാഗ്രത സമിതി അംഗങ്ങൾ പറഞ്ഞു. കൂടാതെ സന്ധ്യമയങ്ങിയാൽ ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമായി എത്തുന്ന യുവാക്കൾ പ്രദേശവാസികൾക്കു ശല്യമായി തീർന്നിരിക്കുന്നതായി പരാതിയുണ്ട്.
രാസലഹരി ഉപയോഗം വ്യാപകമായതോടെ ബന്ധപ്പെട്ട അധികൃതർക്കു പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണു ജാഗ്രതാസമിതി രൂപീകരിച്ചത്.പുഴയോരത്തെ കടവുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും ഇടറോഡുകളിലുമാണു ലഹരിസംഘം തമ്പടിക്കുന്നതെന്നു നാട്ടുകാർ പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടികളെ വരെ ലഹരിമാഫിയ വഴിതെറ്റിക്കാൻ തുടങ്ങിയതോടെ പലരും ആശങ്കയിലാണ്. ലഹരിമാഫിയക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.മുൻ രാജ്യാന്തര വോളിബോൾ താരം വി.എ.മൊയ്തീൻ നൈന, എ.എ.നസീർ, കെ.എം.രാജൻ, ബിന്ദു ഗോപി, സാന്റ്ല ശിവൻ, സജിത നേബി, വാസന്തി ബാബു, നൈന ഷാജി, സംഗീത ഷിബു, ലൗലി ടോമി, സെലീന ജബ്ബാർ, സുജിത പ്രസാദ് എന്നിവർ പ്രസംഗിച്ചു.