ജില്ലയ്ക്കു പൊള്ളുന്നു: ഇനിയും ചൂടു കൂടും; ജാഗ്രത വേണം
Mail This Article
കൊച്ചി∙ ഫെബ്രുവരിയിൽ ജില്ലയിലെ ശരാശരി ഉയർന്ന ചൂട് 37 ഡിഗ്രി സെൽഷ്യസിനു മുകളിൽ. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയെത്തി. ഇന്നലെ എല്ലായിടങ്ങളിലും ഉയർന്ന താപനില 35 ഡിഗ്രി സെൽഷ്യസിനു മുകളിലായിരുന്നു. വരും ദിവസങ്ങളിലും ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പു നൽകുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകുന്നു.
ചൂടു കൂടുന്നതിനാൽ മാലിന്യക്കൂമ്പാരങ്ങൾക്കു തീപിടിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം തീപിടിത്തങ്ങൾ ഒഴിവാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകരുതൽ സ്വീകരിക്കണം. വീടുകളിൽ ചപ്പുചവറുകൾ കൂട്ടിയിട്ടു കത്തിക്കുമ്പോൾ ശ്രദ്ധിക്കണം. ജലദൗർലഭ്യം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജലവിനിയോഗം ശ്രദ്ധയോടെ വേണമെന്നും അധികൃതർ നിർദേശിക്കുന്നു. ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്നു ജില്ല ആരോഗ്യ വിഭാഗവും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
വിവിധയിടങ്ങളിലെ ഉയർന്ന താപനില (ഡിഗ്രി സെൽഷ്യസിൽ)
ചൂണ്ടി– 39.7
ഇടമലയാർ– 37.7
കളമശേരി– 37.7
പറവൂർ– 37.2
ആലുവ– 36.6
മട്ടാഞ്ചേരി– 35.4