ADVERTISEMENT

വൈപ്പിൻ∙ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ മുഴുകുന്ന ബസ് ഡ്രൈവർമാരുടെ എണ്ണം വൈപ്പിൻ റൂട്ടിൽ വർധിക്കുന്നു. ഇത് പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.ഇന്നലെ എടവനക്കാട് ഹൈസ്കൂളിൽ സമീപം ബസ് ബൈക്കിനു പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിനു പിന്നിലും മൊബൈൽ ഫോൺ ആയിരുന്നു വില്ലൻ എന്ന് ദൃക്സാക്ഷികൾ പറയുന്നു. കാര്യമായ വേഗമില്ലാതെ വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി കടന്നു പോകുന്ന സമയത്താണ് ഇടതുവശം ചേർന്ന് പോവുകയായിരുന്ന ബൈക്കിന് പിന്നിൽ ബസ് തട്ടിയത്. രണ്ടര മീറ്ററോളം ബൈക്കിനെ റോഡിലൂടെ നിരക്ക് നീക്കിയ ബസ് ഏതാനും മീറ്ററുകൾ കൂടി മുന്നോട്ടു നീങ്ങിയ ശേഷമാണ് നിന്നത്. ഇടതു വശത്തേക്ക് വീണതു കൊണ്ടു മാത്രം ബൈക്ക് യാത്രികൻ ജീവനോടെ രക്ഷപ്പെടുകയായിരുന്നു.ഇയാളുടെ കൈക്ക് പരുക്കുണ്ട്.

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് തന്നെ അപകടം വിളിച്ചു വരുത്തുമെങ്കിൽ അതിലും ഒരു പടി കൂടി കടന്നു ജോലിക്കിടെ സാമൂഹ മാധ്യമങ്ങളിലെ ദൃശ്യങ്ങൾ ആസ്വദിക്കാനും ബസ് ഡ്രൈവർമാർ മുതിരുന്നതായി യാത്രക്കാർ പറയുന്നു. ഫോണിൽ സംസാരിക്കുമ്പോൾ കണ്ണുകൾ റോഡിൽ ആയിരിക്കുമെങ്കിലും സ്ക്രീനിൽ നോക്കുന്നതോടെ ശ്രദ്ധ പൂർണമായും മാറുന്ന അവസ്ഥയാണ്.

മുൻകാലങ്ങളിൽ ഇത്തരം നിയമ ലംഘനം പകർത്തി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ നടപടി ഉണ്ടാകുമായിരുന്നുവെങ്കിൽ ഇപ്പോൾ ആരും അനങ്ങാത്ത അവസ്ഥയാണ്. റോഡിൽ പരിശോധന നടത്തുന്ന പൊലീസ് വാഹനത്തിന് സമീപത്തു കൂടി പോലും മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് ബസ് ഓടിച്ചു പോകുന്നവർ പതിവ് കാഴ്ചയാണ്. പൊലീസ് ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നു യാത്രക്കാർക്ക് പരാതിയുണ്ട്.

ഫുട്പാത്ത് –കാന നിർമാണം മൂലം ഇപ്പോൾ സംസ്ഥാനപാതയിൽ പലയിടത്തും വീതി കാര്യമായി കുറഞ്ഞിട്ടുണ്ട്. മുന്നിൽ പോകുന്ന വാഹനങ്ങൾ പെട്ടെന്ന് നിർത്താൻ ശ്രമിച്ചാലോ വേഗ‌ം കുറച്ചാലോ പിന്നിലുള്ള വാഹനങ്ങൾ വന്നിടിക്കുന്ന സ്ഥിതിയാണ്. വശങ്ങളിലേക്ക് ഒതുക്കാൻ അൽപം പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. ഇതുമൂലം ദിനംപ്രതിയെന്നോണം അപകടം സംഭവിക്കുന്നുണ്ട്. ഇതിനു പുറമേയാണ് ബസ് ഡ്രൈവർമാരുടെ അശ്രദ്ധ അപകടം വിതയ്ക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com