ബ്രഹ്മപുരം തീ: ആവർത്തിക്കാതിരിക്കാൻ സുരക്ഷ ശക്തമാക്കി
Mail This Article
കാക്കനാട്∙ ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാന്റിലെ അഗ്നി പ്രതിരോധ പ്രവർത്തനങ്ങൾ മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിൽ വിലയിരുത്തി. ഒരു വർഷം മുൻപുണ്ടായ തീ പിടിത്തം ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാനായിരുന്നു യോഗം. ചൂടു കൂടി വരുന്നതിനാൽ പ്ലാന്റിലെ സുരക്ഷ ശക്തമാക്കി. പ്ലാന്റിനകത്തെ ഏതു ഭാഗത്തേക്കും എത്താനാകും വിധമുള്ള റോഡുകൾ ഒരാഴ്ചക്കകം പൂർത്തിയാകുമെന്ന് നഗരസഭാധികൃതർ പറഞ്ഞു. പൂർത്തിയായ ഭാഗങ്ങളിൽ ഫയർ എൻജിൻ ഓടിച്ചു പരിശോധിച്ചു. റോഡിലെ പ്രതലം കൂടുതൽ ഉറപ്പിക്കണമെന്ന് നിർദേശിച്ച സ്ഥലങ്ങളിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി. പ്ലാന്റ് വളപ്പിൽ വഴി വിളക്കുകൾ സ്ഥാപിക്കുന്ന ജോലി രണ്ടു ദിവസത്തിനകം പൂർത്തിയാകും.
75 ലക്ഷം രൂപ ചെലവിൽ ഹൈഡ്രന്റുകൾ സ്ഥാപിക്കാനുള്ള ജോലിയും പുരോഗമിക്കുന്നുണ്ട്. ഇതോടനുബന്ധിച്ച ജല സംഭരണികൾ രണ്ടാഴ്ചക്കകം പൂർത്തിയാകും. പ്ലാന്റിനകത്തെ സിസി ടിവി ക്യാമറയുടെ ആക്സസ് പൊലീസിനു നൽകിയിട്ടുണ്ട്. ഫയർ വാച്ചർമാരുടെ പരിശീലനം പൂർത്തിയായി. ഒരേ സമയം 10 ഫയർ വാച്ചർ ടീമുകളാണ് രംഗത്തുണ്ടാകുക. മന്ത്രി പി.രാജീവ് ഓൺലൈനിലാണ് യോഗത്തിൽ പങ്കെടുത്തത്. കലക്ടർ എൻ.എസ്.കെ.ഉമേഷ് അധ്യക്ഷത വഹിച്ചു.