ബ്രഹ്മപുരം തീപിടിത്തത്തിന് മാർച്ച് 2ന് ഒരു വർഷം; സിബിജി പ്ലാന്റ് നിർമാണം ഈ മാസം തുടങ്ങും
Mail This Article
കൊച്ചി ∙ ബ്രഹ്മപുരത്തു ജൈവ മാലിന്യത്തിൽ നിന്നു കംപ്രസ്ഡ് ബയോ ഗ്യാസ് (സിബിജി) ഉൽപാദിപ്പിക്കാനുള്ള പ്ലാന്റിന്റെ നിർമാണം ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ) ഈ മാസം ആരംഭിക്കും. ഒരാഴ്ചയ്ക്കകം പദ്ധതി നടത്തിപ്പിനുള്ള കരാർ നൽകുമെന്നു ബിപിസിഎൽ ചീഫ് ജനറൽ മാനേജർ എസ്. ശ്രീറാം കോർപറേഷൻ കൗൺസിൽ യോഗത്തിൽ അറിയിച്ചു. ചെന്നൈയിലും ഇൻഡോറിലും സിബിജി പ്ലാന്റ് നടത്തുന്ന കമ്പനികളാണു ബ്രഹ്മപുരം പദ്ധതിക്കായി അവസാന ഘട്ട ചർച്ചകളിലുള്ളത്. സാങ്കേതിക യോഗ്യത നേടിയ കമ്പനികളുടെ ഫിനാൻഷ്യൽ ബിഡ് ഇന്നലെ തുറന്നു. അടുത്ത വർഷം മാർച്ചിനുള്ളിൽ പ്ലാന്റിന്റെ നിർമാണം പൂർത്തിയാക്കണമെന്നും ബിപിസിഎല്ലിന് എല്ലാ പിന്തുണയും കോർപറേഷൻ നൽകുമെന്നും മേയർ എം. അനിൽകുമാർ പറഞ്ഞു.
പ്ലാന്റിൽ നിന്ന് പ്രതിദിനം 100 ടൺ ദ്രവമാലിന്യമുണ്ടാകും. നിശ്ചിത മാനദണ്ഡപ്രകാരം ഇതു സംസ്കരിച്ച ശേഷം വെള്ളം പുറത്തേക്ക് ഒഴുക്കും. പദ്ധതിയുടെ തുടക്കത്തിൽ ഒറ്റത്തവണ ഉപയോഗത്തിനായി ഒരു കോടി ലീറ്റർ വെള്ളം വേണ്ടി വരുമെങ്കിലും പിന്നീട് പ്ലാന്റ് പ്രവർത്തിപ്പിക്കാനായി പ്രതിദിനം 10,000 ലീറ്റർ വെള്ളം മതി. 1.5 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി കണക്‌ഷനാണു പ്ലാന്റ് പ്രവർത്തിപ്പിക്കാൻ വേണ്ടത്. പദ്ധതിക്കു വേണ്ടി കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും മേയർ വ്യക്തമാക്കി. ബിപിസിഎൽ ചീഫ് ജനറൽ മാനേജർ എസ്. ശ്രീറാം, ജനറൽ മാനേജർമാരായ ജോർജ് തോമസ്, എം. ഗോപാലകൃഷ്ണൻ, ഡിജിഎം സന്തോഷ് വർഷ്നി, മാനേജർമാരായ ടോം ജോസഫ്, വിനോദ് ടി. മാത്യു തുടങ്ങിയവരുൾപ്പെട്ട സംഘമാണു കൗൺസിൽ യോഗത്തിൽ പദ്ധതി വിശദീകരിച്ചത്. കൗൺസിലർമാരായ ഹെൻട്രി ഓസ്റ്റിൻ, എം.ജി. അരിസ്റ്റോട്ടിൽ, പ്രിയ പ്രശാന്ത് എന്നിവർ ഉന്നയിച്ച സംശയങ്ങൾക്കു ബിപിസിഎൽ സംഘം മറുപടി നൽകി.
10 ഏക്കർ ഭൂമി സൗജന്യം
ബ്രഹ്മപുരത്തു സിബിജി പ്ലാന്റ് നിർമിക്കാനായി 10 ഏക്കർ ബിപിസിഎല്ലിനു സൗജന്യമായി നൽകാൻ കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. പ്ലാന്റിലേക്ക് 7 മീറ്റർ വീതിയുള്ള റോഡ് കോർപറേഷൻ നിർമിക്കും. ഏകജാലക സംവിധാനത്തിലൂടെ പദ്ധതിക്ക് അനുമതി നൽകാൻ സർക്കാരിനോട് ആവശ്യപ്പെടും. ബിപിസിഎല്ലുമായി ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാൻ കോർപറേഷൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ജൈവ മാലിന്യം ശേഖരിച്ചു ബ്രഹ്മപുരം പ്ലാന്റിൽ എത്തിച്ചു നൽകിയാൽ മാത്രം മതി. ജൈവ മാലിന്യത്തിൽ 5–10% മറ്റു മാലിന്യങ്ങളുണ്ടാകാം. ഇതു നീക്കം ചെയ്യാനായി ക്ലീൻ കേരള കമ്പനിയെ ചുമതലപ്പെടുത്തും.
ബിപിസിഎൽ സിബിജി പ്ലാന്റ്
∙ ശേഷി: പ്രതിദിനം 150 ടൺ ജൈവ മാലിന്യം
∙ നിർമാണ ചെലവ്: 73 കോടി രൂപ
∙ നടത്തിപ്പ് ചെലവ്: പ്രതിവർഷം 8–9 കോടി രൂപ
∙ ഉൽപാദനം: പ്രതിദിനം 5.6 ടൺ സിബിജി, 28 ടൺ ജൈവ വളം
∙ പ്ലാന്റിന്റെ കാലയളവ്: 25 വർഷം
സിബിജി പ്ലാന്റിൽ എന്തെല്ലാം
∙ ജൈവ മാലിന്യം സ്വീകരിക്കാനും, തരംതിരിക്കാനുമുള്ള സംവിധാനങ്ങൾ
∙ 7000 ഘനമീറ്റർ ശേഷിയുള്ള 2 ഡൈജസ്റ്ററുകൾ
∙ ബയോഗ്യാസ് ശേഖരിക്കാനുള്ള ബലൂണുകൾ
∙ ദ്രവ മാലിന്യമുൾപ്പെടെ ശേഖരിക്കാനുള്ള ടാങ്കുകൾ
∙ ബയോഗ്യാസിൽ നിന്ന് ഹൈഡ്രജൻ സൾഫൈഡും കാർബൺ ഡയോക്സൈഡും നീക്കം ചെയ്യാനുള്ള സംവിധാനം
∙ ബയോഗ്യാസ് കംപ്രസർ
∙ ദ്രവ മാലിന്യ സംസ്കരണ പ്ലാന്റ്
∙ അഗ്നിരക്ഷാ, വായു ശുദ്ധീകരണ സംവിധാനങ്ങൾ
∙ വൈദ്യുതി സബ് സ്റ്റേഷനുകൾ