രാത്രിയിൽ കായലിലെ ‘നീല വെളിച്ചം’ കാണാൻ കുമ്പളങ്ങിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
Mail This Article
തോപ്പുംപടി ∙ കുമ്പളങ്ങി നൈറ്റ്സ് സിനിമ കണ്ട് തിയറ്റർ വിട്ടിറങ്ങുമ്പോൾ രാത്രിയിൽ കായലിലെ നീല വെളിച്ചം ഒരു നിലാവു പോലെ നിങ്ങളെ പിന്തുടർന്നിരുന്നോ? സിനിമയ്ക്കൊപ്പം ഹിറ്റായൊരു പ്രതിഭാസമാണ് ‘കവര്’ അഥവാ കായലിലെ നീല വെളിച്ചം. കൈക്കുടുന്നയിൽ കോരിയെടുക്കാൻ തോന്നുന്നത്ര മനോഹരമാണ് ആ ദൃശ്യം. ആ കാഴ്ച നേരിൽ കണ്ട് ആസ്വദിക്കണം എന്നുള്ളവർക്ക് കൊച്ചി കുമ്പളങ്ങിയിലേക്കു വരാം.
കുമ്പളങ്ങിയിൽ വീണ്ടും കവരിന്റെ സീസൺ ആരംഭിച്ചു. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കവരിന്റെ നീലപ്പുളപ്പ്. കായലിൽ ഇളക്കം തട്ടുന്നതോടെ ഇളം നീല വെളിച്ചതോടെ ഇവ ദൃശ്യമാകും. ഇവ കാണാനും ക്യാമറയിൽ പകർത്താനുമായി ഒട്ടേറെ ആളുകളാണ് കുമ്പളങ്ങിയിൽ എത്തുന്നത്. പടിഞ്ഞാറൻ മേഖലയിലെ ഒഴുക്കില്ലാത്ത കെട്ടുകളിലാണ് ഇവ മനോഹരമായി ദൃശ്യമാകുക. വേനൽ കാലത്ത് കായലിൽ ഉപ്പ് വർധിക്കുന്നതും വെള്ളത്തിന്റെ കട്ടി കൂടുന്നതുമാണ് കവര് ദൃശ്യമാകാൻ കാരണം.
ബയോലൂമിനസെൻസ് എന്ന പ്രതിഭാസത്തെയാണ് കവര് എന്ന നാട്ടുഭാഷയിൽ വിളിക്കുന്നത്. ബാക്ടീരിയ, ഫംഗസ് ആൽഗെ പോലെയുള്ള സൂഷ്മജീവികൾ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണിത്. നമുക്കിത് കൗതുകവും അത്ഭുതവുമൊക്കെ ആണെങ്കിലും ഇവയ്ക്ക് അത് പ്രതിരോധ മാർഗം കൂടിയാണ്. ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനും ഇണയെയും ഇരയെയും ആകർഷിക്കാനുമൊക്കെ സൂഷ്മ ജീവികൾ ഈ വെളിച്ചം ഉപയോഗിക്കുന്നു. കടലിനോട് ചേർന്നുള്ള കായൽ തീരങ്ങളിലാണ് ഇവ കൂടുതലായും ദൃശ്യമാകുന്നത്.