ദേശീയപാത വികസനം: 130 വർഷം പ്രായമുള്ള മാവ് വെട്ടിവീഴ്ത്തും; 120 ഇഞ്ച് വണ്ണവും 30 അടി ഉയരവുമുള്ള മരം
Mail This Article
കോലഞ്ചേരി ∙ ദേശീയപാതയോരത്തെ മുത്തശ്ശി മാവ് നീക്കം ചെയ്യുന്ന പ്രവൃത്തി പുനരാരംഭിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി കഴിഞ്ഞ ചൊവ്വാഴ്ച യോഗാ സെന്ററിനു സമീപം നിന്ന മാവ് വെട്ടിത്തുടങ്ങിയപ്പോൾ പരിസ്ഥിതി പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് മരം മുറിക്കുന്നത് പൊലീസ് താൽക്കാലികമായി തടഞ്ഞിരുന്നു. രേഖകൾ പരിശോധിച്ച ശേഷം മരം നീക്കം ചെയ്യുന്നതിന് പൊലീസ് അനുമതി നൽകിയതോടെ പ്രവൃത്തി പുനരാരംഭിക്കുകയായിരുന്നു.
ഇന്നലെ മരത്തിന്റെ ശിഖരങ്ങൾ പൂർണമായി മുറിച്ചു നീക്കി. 130 വർഷം പഴക്കമുള്ളതാണ് മാവ്. ദേശീയപാത വികസനത്തിന് ഇൗ മാവ് തടസ്സമല്ലായിരുന്നെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകനായ അഡ്വ. സജോ സക്കറിയ ആൻഡ്രൂസ് ജില്ലാ കലക്ടർക്ക് പരാതി നൽകി. ദേശീയപാതയ്ക്ക് പലയിടത്തും പല വീതിയാണ്. 120 ഇഞ്ച് വണ്ണവും 30 അടിയിൽ ഏറെ ഉയരവുമുള്ള മാവിൽ നിറയെ മാങ്ങയുണ്ടായിരുന്നു. മാവ് അപകടാവസ്ഥയിൽ ആയിരുന്നില്ലെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടി.