ലക്ഷദ്വീപ് കടലിലും ചൂരമത്സ്യത്തിലും മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം; പോളിമറുകളുടെ സാന്നിധ്യം ഭീഷണി
Mail This Article
കൊച്ചി∙ ലക്ഷദ്വീപിനോടു ചേർന്നു കിടക്കുന്ന കടലിലും, അവിടത്തെ പ്രധാന മത്സ്യമായ ചൂരയിലും മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യമുള്ളതായി ശാസ്ത്രപഠന റിപ്പോർട്ട്. വൻകരയിൽ നിന്ന് അകലെ സ്ഥിതി ചെയ്യുന്ന ഈ ദ്വീപു സമൂഹത്തിനു ചുറ്റുമുള്ള സമുദ്ര ജലത്തിൽ ഈ അളവിൽ മൈക്രോപ്ലാസ്റ്റിക് കണികകൾ എങ്ങനെ എത്തുന്നു എന്നതും സമുദ്ര പരിസ്ഥിതിയിലും ഭക്ഷ്യ ശൃംഖലയിലും മനുഷ്യരിലും ഇതുണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളും അറിയാനുള്ള തുടർ പഠനങ്ങൾ ആവശ്യമാണെന്നു റിപ്പോർട്ടിൽ പറയുന്നു.
കൊച്ചിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷനോഗ്രഫിയിലെ എസ്. രാഗേഷ്, ഡോ. കെ. യു. അബ്ദുൽ ജലീൽ, നിക്കി രാമചന്ദ്രൻ, അബ്ദുൽ റസാഖ്, എൻ. രവികുമാർ, ഡോ. അനസ് അബ്ദുൽ അസീസ്, ഡോ. പി. കെ. ദിനേശ് കുമാർ എന്നിവരും കൊച്ചി സിഫ്റ്റിലെ മുഹമ്മദ് അഷ്റഫും ഉൾപ്പെട്ട ശാസ്ത്ര സംഘത്തിന്റെ പഠന റിപ്പോർട്ട് രാജ്യാന്തര ശാസ്ത്ര ജേണലായ ‘എൻവയൺമെന്റൽ സയൻസ് ആൻഡ് പൊല്യൂഷൻ റിസർച്’ പ്രസിദ്ധപ്പെടുത്തി.
കവരത്തി ദ്വീപിനു ചുറ്റുമുള്ള കടൽത്തീരങ്ങളിൽ നിന്നു ശേഖരിച്ച ഉപരിതല സമുദ്രജല സാംപിളും ചൂര വിഭാഗത്തിൽപ്പെട്ട 30 ‘സ്കിപ്ജാക്ക് ട്യൂണ’ മത്സ്യങ്ങളുമാണു പഠന വിധേയമായത്. സമുദ്ര ജലത്തിന്റെ 80 ലീറ്റർ സാംപിളിൽ നിന്ന് 424 മൈക്രോ പ്ലാസ്റ്റിക് കണികകൾ വേർതിരിച്ചെടുത്തു. മത്സ്യത്തിന്റെ എല്ലാ സാംപിളിലും മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി. 30 സാംപിൾ പരിശോധിച്ചതിൽ 117 മൈക്രോ പ്ലാസ്റ്റിക് കണികകൾ കണ്ടെത്തി.
മറ്റു മേഖലകളെ അപേക്ഷിച്ച് മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം ഇവിടെ കുറവാണെന്ന് ആശ്വസിക്കാമെങ്കിലും പോളിമറുകളുടെ സാന്നിധ്യം കണ്ടെത്തിയത് ഒട്ടും ആശാസ്യമല്ല. പരിശോധനയിൽ ലഭ്യമായ മലിനീകരണ സൂചിക, പവിഴപ്പുറ്റുകളും അനുബന്ധ ജീവികളും ദ്വീപിലെ ജൈവവൈവിധ്യം പൊതുവെയും നേരിടുന്ന ഭീഷണിയുടെ സൂചന നൽകുന്നതാണ്.