ADVERTISEMENT

തൃപ്പൂണിത്തുറ ∙ മെട്രോ സ്റ്റേഷനിൽ എത്തിയ യാത്രക്കാരെ വിസ്മയിപ്പിച്ചു ‘മോഹിനി’ എന്ന റോബട് . മോഹിനിയാട്ട കലാകാരികളെ പോലെ തന്നെ കണ്ണിന്റെയും കഴുത്തിന്റെയും ചലനങ്ങളോടെ മെട്രോ സ്റ്റേഷനിൽ നിന്ന റോബട്ടിന്റെ അടുത്തു നിന്നു ഫോട്ടോ എടുക്കാൻ തിരക്കായിരുന്നു. മെട്രോയുടെ ഡാൻസ് മ്യൂസിയത്തിൽ സ്ഥാപിക്കുന്ന മോഹിനിയാട്ട റോബട്ടാണിതെന്നു രൂപകൽപന ചെയ്ത അസിമോവ് റോബട്ടിക്സ് സിഇഒ ടി. ജയകൃഷ്ണൻ പറഞ്ഞു.

ഭിന്നശേഷി സൗഹൃദം
മെട്രോയുടെ തൃപ്പൂണിത്തുറ ടെർമിനലിൽ നിന്ന് ആദ്യ യാത്രക്കാരായി സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്മെന്റ് (സിഫി) നേതൃത്വം കൊടുക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾ. പരിമിതികളെ മറന്നു പൊട്ടിച്ചിരിച്ചും പാട്ടുപാടിയും കുട്ടികൾ ആഘോഷിച്ചപ്പോൾ അധ്യാപകരും ഒപ്പം കൂടി.‍ പെരുമ്പാവൂർ സെന്റർ ഫോർ ഏർലി ഇന്റർവെൻഷൻ റീഹാബിലിറ്റേഷൻ ആൻഡ് റിസർച് കെയർ സെന്ററിലെ ഭിന്നശേഷിക്കാരനായ ഷിഫാൻ ഫൈസൽ, ചെയർമാൻ ഡോ. പി.എ. മേരി അനിതയും ആദ്യ യാത്രക്കാരായി.

sq-terminal-station-kochi-metro-ernakulam-1
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത തൃപ്പൂണിത്തുറ മെട്രോ ടെർമിനൽ സ്റ്റേഷനിൽ നിന്നുള്ള ആദ്യ മെട്രോ സർവീസിന് അഭിവാദ്യം അർപ്പിക്കുന്ന കെഎംആർഎൽ ഓപ്പറേഷൻ വിഭാഗം ചീഫ് ജനറൽ മാനേജർ എ. മണികണ്ഠൻ, നഗരസഭാധ്യക്ഷ രമ സന്തോഷ്, ഹൈബി ഈഡൻ എംപി, മന്ത്രി പി. രാജീവ്, കെ. ബാബു എംഎൽഎ, മുൻ ചീഫ് സെക്രട്ടറിയും കെഎംആർഎൽ ആദ്യ എംഡിയുമായ ടോം ജോസ്, ഉമ തോമസ് എംഎൽഎ, കലക്ടർ എൻ.എസ്.കെ. ഉമേഷ്, കെഎംആർഎൽ എംഡി ലോകനാഥ് ബെഹ്റ, ഡോ. പി.എ. മേരി അനിത തുടങ്ങിയവർ.

ആഘോഷമാക്കി നാട്
മെട്രോ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ ആരംഭിച്ചത് ആഘോഷമാക്കി പ്രദേശവാസികൾ. റസിഡന്റ്സ് അസോസിയേഷനുകളായ ട്രുറ, എഡ്രാക് എന്നിവയുടെ നേതൃത്വത്തിൽ ലഡു വിതരണം നടത്തി. റാക്കോയുടെ നേതൃത്വത്തിൽ മെട്രോയ്ക്കു സ്വീകരണം നൽകി.

ഗതാഗതക്കുരുക്ക്
എസ്എൻ ജംക്‌ഷൻ - റിഫൈനറി റോഡിൽ നിന്ന് കിഴക്കേക്കോട്ട - ഹിൽപാലസ് റോഡിലേക്കു മെട്രോ സ്റ്റേഷന്റെ സമീപത്തുകൂടി പുതിയ റോഡ് നിർമിക്കാതെ മെട്രോ സ്റ്റേഷൻ വരുന്നതു സമീപത്തെ റോഡുകളിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുമെന്നാണു നാട്ടുകാരുടെ ആശങ്ക. മാർക്കറ്റ് റോഡ്, പള്ളിപറമ്പ്കാവു റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിലാണു പ്രശ്നം.

കൊച്ചി അതിവേഗം മാറുന്നു
കൊച്ചി അതിവേഗം മാറുകയാണെന്നു മന്ത്രി പി. രാജീവ്. കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിനു ശേഷം സ്റ്റേഷനിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മെട്രോ രണ്ടാം ഘട്ടം 2026ൽ പൂർത്തീകരിക്കും. 3–ാം ഘട്ടം നെടുമ്പാശേരി ഗിഫ്റ്റ് സിറ്റി വരെ വികസിപ്പിക്കാൻ ആലോചനയുണ്ട്. ചേരാനല്ലൂർ – ചിറ്റൂർ – ഏലൂർ വാട്ടർമെട്രോ ഉടൻ സർവീസ് ആരംഭിക്കാനുള്ള നീക്കമാണു നടക്കുന്നത്. മെട്രോ ടെർമിനൽ തൃപ്പൂണിത്തുറയുടെ വികസനത്തിന് ഉപകരിക്കും. ഹൈബി ഈഡൻ എംപി അധ്യക്ഷനായി. എംഎൽഎമാരായ കെ. ബാബു, ഉമ തോമസ്, നഗരസഭാധ്യക്ഷ രമ സന്തോഷ്, കലക്ടർ എൻ.എസ്.കെ. ഉമേഷ്, കെഎംആർഎൽ എംഡി ലോകനാഥ് ബെഹ്റ, മുൻ ചീഫ് സെക്രട്ടറിയും കെഎംആർഎൽ ആദ്യ എംഡിയുമായ ടോം ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com