കാക്കനാട് റോഡിൽ എഥനോൾ ടാങ്കർ ലോറികളുടെ ‘കെട്ടിക്കിടപ്പ്’
Mail This Article
കാക്കനാട്∙ റോഡു നീളെ എഥനോൾ ടാങ്കർ ലോറികൾ കെട്ടിക്കിടക്കുന്നതു കാക്കനാട് മേഖലയിൽ ഭീതി പരത്തുന്നു. ചിറ്റേത്തുകര മുതൽ ഈച്ചമുക്ക് വരെ റോഡിൽ നിരയായി കിടക്കുന്നതു നൂറു കണക്കിനു ടാങ്കർ ലോറികളാണ്. പെട്രോളിയം കമ്പനികളുടെ പരിസരങ്ങളിൽ ടാങ്കർ പാർക്കിങ് നിരോധിച്ചതോടെയാണ് ഇവ കൂട്ടത്തോടെ കാക്കനാട് േമഖലയിലേക്ക് കുടിയേറിയത്.
തീപിടിത്ത സാധ്യതയുള്ള ഇന്ധനമായതിനാൽ പൊരിവെയിലിൽ ടാങ്കറുകൾ റോഡിൽ നിരത്തിയിട്ടിരിക്കുന്നത് അശാസ്ത്രീയ സംവിധാനമാണെന്ന് നാട്ടുകാർ പറയുന്നു. ബിപിസിഎൽ, ഐഒസി, എച്ച്പിസിഎൽ കമ്പനികളിലേക്ക് എഥനോളുമായി എത്തിയ മുന്നൂറോളം ടാങ്കർ ലോറികൾ കാക്കനാട് റോഡിൽ കെട്ടിക്കിടപ്പുണ്ട്.
സീപോർട്ട് എയർപോർട്ട് റോഡിനു സമാന്തരമായി കെഎംആർഎൽ നിർമിക്കുന്ന പുതിയ പാതയിലാണ് ഇവയുടെ പാർക്കിങ്. ടാങ്കർ ലോറികളിലെ ജീവനക്കാർ റോഡിൽ അടുപ്പു കൂട്ടിയാണ് പാചകം. ഇതുമൂലം മാലിന്യവമുണ്ട്. സാധാരണ നിലയിൽ ഇതുവഴി ഗതാഗതമില്ലെങ്കിലും സീപോർട്ട് റോഡിൽ കുരുക്കുണ്ടാകുമ്പോൾ ചെറിയ വാഹനങ്ങൾ കയറിപ്പോകുന്ന റോഡാണിത്.
ഇരുമ്പനം ഭാഗത്തു റോഡു വശങ്ങളിൽ ഇരുമ്പു കുറ്റികൾ സ്ഥാപിച്ചു പാർക്കിങ് നിരോധിച്ചിരിക്കുകയാണ്. പെട്രോളിയം കമ്പനി വളപ്പുകളിൽ പാർക്കിങ്ങിനു സ്ഥലമില്ലാതെ വരുമ്പോൾ ഇരുമ്പനത്തെ റോഡു വക്കുകളിലാണ് ഇവ പാർക്ക് ചെയ്തിരുന്നത്. ഇതിനു കഴിയാെത വന്നതോടെയാണ് ടാങ്കർ ലോറികൾ കാക്കനാട്ട് ഇടം കണ്ടെത്തിയത്.
മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു
കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിലെ ടാങ്കർ ലോറി പാർക്കിങ്ങുമായി ബന്ധപ്പെട്ട പരാതിയിൽ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് നോട്ടിസ് അയയ്ക്കാൻ മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചു. പ്രഫഷണൽ കോൺഗ്രസ് നേതാവ് എൽദോ ചിറക്കച്ചാലിന്റെ പരാതിയിലാണ് നടപടി. ഇന്ധന ടാങ്കറുകൾ റോഡിൽ അപകടകരമാം വിധം പാർക്ക് ചെയ്യുന്നത് മറ്റു യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയാണെന്നാണ് പരാതി.
വലിയ ടാങ്കറുകൾ റോഡു വക്കിൽ കിടക്കുന്നതിനാൽ മറ്റു വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ കഴിയുന്നില്ല. റോഡും റോഡിന്റെ വശങ്ങളും തമ്മിലുള്ള ഉയര വ്യത്യാസവും അപകടത്തിനു കാരണമാകുന്നു. സമീപകാലത്തു സീപോർട്ട് റോഡിൽ നടന്ന അപകടങ്ങളുടെ വിശദാംശങ്ങളും പരാതിക്കാരൻ മനുഷ്യാവകാശ കമ്മിഷനു മുൻപിൽ ഹാജരാക്കി.