ദേശീയപാത 66: തോന്ന്യകാവിൽ ഗർഡറുകൾ സ്ഥാപിച്ചു; ഒരാഴ്ച ഗതാഗത ക്രമീകരണം തുടരും
Mail This Article
പറവൂർ ∙ ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി തോന്ന്യകാവിൽ അടിപ്പാതയുടെ തൂണുകളിൽ ഗർഡറുകൾ സ്ഥാപിച്ചു. വെള്ളി പകൽ സ്ഥാപിക്കാൻ തുടങ്ങിയപ്പോൾ ഇവിടത്തെ റോഡിൽ ഗതാഗതതടസ്സം നേരിട്ടതിനെത്തുടർന്നു നഗരസഭാധികൃതരെത്തി പണികൾ താൽക്കാലികമായി നിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ശനി വൈകിട്ടും ഞായർ പകലുമായാണു സ്ഥാപിച്ചത്.
എടയാറുള്ള പ്ലാന്റിൽ നിർമിച്ച കൂറ്റൻ ഗർഡർ 2 വാഹനങ്ങളുടെ സഹായത്തോടെ സ്ഥാപിക്കുന്ന സ്ഥലത്ത് എത്തിച്ച ശേഷം വലിയ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി തൂണുകളിൽ ഘടിപ്പിക്കുകയായിരുന്നു. പണികൾ നടക്കുന്ന ഭാഗത്തെ ടാർ റോഡ് അടച്ചെങ്കിലും സഞ്ചാരത്തിന് സമീപത്തു മറ്റൊരു പാത ഒരുക്കിയിട്ടുണ്ട്. ബസുകൾ ഒഴികെയുള്ള വാഹനങ്ങൾക്ക് ഇതിലെ പോകാം. ഒരാഴ്ച ഈ ഗതാഗത ക്രമീകരണം തുടരും. അതിനകം ഈ ഭാഗത്തെ ബാക്കിയുള്ള ഗർഡറുകൾ കൂടി സ്ഥാപിക്കും.
പുത്തൻ ദേശീയപാത 66 നിർമാണം തുടങ്ങിയിട്ട് ഒരു വർഷവും അഞ്ചു മാസവുമായെങ്കിലും നിർമാണ സാമഗ്രികളായ മെറ്റൽ, മണ്ണ് തുടങ്ങിയവയുടെ ക്ഷാമം തുടരുന്നത് പണികൾ ദ്രുതഗതിയിൽ മുന്നോട്ടു പോകുന്നതിനു തടസ്സമാകുന്നുണ്ട്. കരിങ്കല്ല് എടുക്കാനായി കരാർ കമ്പനിയായ ഓറിയന്റൽ സ്ട്രക്ചറൽ എൻജിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് ഇതുവരെ ക്വാറി ലഭിച്ചിട്ടില്ല.
ചാലക്കുടിയിൽ ക്വാറി ലഭിക്കുമെന്നു കരുതി കുറ്റിച്ചിറ സ്ഥാപിച്ച ക്രഷർ വെറുതേ കിടക്കുന്നു. നിലവിൽ, തമിഴ്നാട്ടിൽ നിന്ന് ഉയർന്ന വിലയ്ക്കാണ് മെറ്റൽ എത്തിക്കുന്നത്. റോഡ് നിർമാണം കൂടുതൽ സജീവമാകുന്നതോടെ മെറ്റലിന്റെ ആവശ്യകതയേറും. ആ സാഹചര്യത്തിൽ പൂർണമായി മെറ്റൽ തമിഴ്നാട്ടിൽ നിന്നു കൊണ്ടുവരിക പ്രായോഗികമല്ല. ക്വാറി ലഭിക്കാതിരുന്നാൽ കരാർ പ്രകാരം ഇടപ്പള്ളി – കോട്ടപ്പുറം മേഖലയിൽ നിർമാണം പൂർത്തിയാകേണ്ട 2025 ഏപ്രിലിൽ പണികൾ തീരുമോയെന്ന് സംശയമാണ്.