ദേശീയപാത നവീകരണം: കായംകുളത്ത് അടിപ്പാത വേണ്ട, ആകാശപ്പാത നിർമിക്കണമെന്ന് ആവശ്യം
Mail This Article
കായംകുളം∙ ദേശീയപാതയിൽ കായംകുളത്ത് ആകാശപ്പാത നിർമിക്കണമെന്ന ആവശ്യം നിലനിൽക്കെ കോളജ് ജംക്‌ഷനിൽ അടിപ്പാത നിർമിക്കാനുള്ള കരാറുകാരുടെ നീക്കം ജനകീയസമരസമിതി പ്രവർത്തകർ തടഞ്ഞു. കായംകുളത്ത് ആകാശപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി പ്രക്ഷോഭം നടത്തി വരികയാണ്. ഈ വിഷയം ഉന്നയിച്ച് സമരസമിതി ഹൈക്കോടതിയിൽ നൽകിയ ഹർജികളിൽ അന്തിമ തീർപ്പ് കൽപ്പിച്ചിട്ടില്ല. കോടതി വിഷയം തീർപ്പാക്കുന്നതിന് മുൻപ് കരാർ കമ്പനി നിർമാണവുമായി മുന്നോട്ട് പോകുകയാണ്. നേരത്തെയുള്ളതിനെക്കാൾ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിട്ടുമുണ്ട്.
ആകാശപ്പാതയല്ലാതെ മറ്റൊരു നിർമാണ പ്രവർത്തനങ്ങളും അംഗീകരിക്കില്ലെന്നാണ് സമരസമിതിയുടെ നിലപാട്. കോളജ് ജംക്‌ഷനിൽ നിലവിൽ എസ് വിയു പി (ചെറിയ അടിപ്പാത) നിർമിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി കുഴിയെടുക്കാനുള്ള നടപടികൾ തുടങ്ങിയപ്പോഴാണ് ഇന്നലെ വൈകിട്ട് സമരസമിതി പ്രവർത്തകർ ജനറൽ കൺവീനർ ദിനേശ് ചന്ദന, നഗരസഭ കൗൺസിലർ എ.പി.ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞത്.
ഇവിടെ സ്ഥാപിച്ചിരുന്ന ദിശാസൂചികകളും മറ്റും നീക്കം ചെയ്തു. ഇതോടെ നിർമ്മാണം താൽക്കാലികമായി നിർത്തുകയായിരുന്നു. 7.5 മീറ്റർ വീതിയുള്ള അടിപ്പാതയാണ് ഇവിടെ നിർമിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ജംക്‌ഷനിലെ തിരക്ക് നേരിടാൻ ഈ വീതിയിലുള്ള അടിപ്പാത മതിയാകില്ലെന്നും പകരം ആകാശപ്പാത നിർമിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരസമിതി രംഗത്തുള്ളത്.