ADVERTISEMENT

ആലപ്പുഴ∙ പുതുതായി ഉന്നത നിലവാരത്തിൽ നിർമിച്ച മൂന്നുവരി ദേശീയപാതയിലൂടെ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. പുറക്കാട് ഭാഗത്തു ടാർ ചെയ്തയിടത്താണു വാഹന ഗതാഗതം അനുവദിച്ചത്. ഫെബ്രുവരി 19നാണു ദേശീയപാതയിൽ ടാറിങ് ആരംഭിച്ചത്. അമ്പലപ്പുഴ കരൂരിനും തോട്ടപ്പള്ളിക്കുമിടയിലുള്ള ഭാഗത്തു നിലവിലെ ദേശീയപാതയ്ക്കു കിഴക്കായി ഏറ്റെടുത്ത സ്ഥലത്താണു ടാർ ചെയ്തു ഗതാഗതയോഗ്യമാക്കിയത്. ഈ ഭാഗത്തു കൂടി വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയതോടെ നിലവിലെ ദേശീയപാത ഭാഗം പൊളിച്ചുള്ള നവീകരണം ആരംഭിക്കും.

നിലവിൽ പുറക്കാട് ഭാഗവും ആലപ്പുഴ ബൈപാസ് ഭാഗവുമാണു ദേശീയപാത നിർമാണത്തിൽ ജില്ലയിൽ മുന്നിൽ നിൽക്കുന്നത്. നിലവിൽ ടാർ ചെയ്തെങ്കിലും ഇതിനു മുകളിൽ വേറെയും പാളികൾ ഇനിയും ടാർ ചെയ്ത് ഉറപ്പിക്കാനുണ്ട്. മണ്ണിട്ടുയർത്തി ഗ്രാനുലാർ സബ് ബേസസ് നിരത്തിയതിനു മുകളിൽ സിമന്റ് ട്രീറ്റഡ് ബേസ് (സിടിബി) പാളികൾ ഉറപ്പിച്ച് അതിനു മുകളിലാണു ടാർ ചെയ്തത്.

സിടിബി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ വെള്ളം കെട്ടിനിന്നു റോഡ് തകരാനുള്ള സാധ്യത കുറവാണ്. 13.5 മീറ്റർ വീതിയിൽ ടാർ വിരിക്കാനാകുന്ന മൾട്ടിപ്ലക്സ് പേവിങ് യന്ത്രം എത്തിച്ചാണു ടാറിങ് നടത്തിയത്. 2023 മേയ് മാസത്തിൽ ജില്ലയിലെ 5 കിലോമീറ്ററിൽ ആറുവരി ദേശീയപാത പൂർത്തിയാക്കി ഗതാഗതം അനുവദിക്കുമെന്ന് അന്നത്തെ കലക്ടർ വി.ആർ.കൃഷ്ണതേജ പറഞ്ഞിരുന്നു.

എന്നാൽ സ്ഥലമേറ്റെടുക്കുന്നതും മണ്ണ് ലഭിക്കാതെ വന്നതും കാരണം ഇപ്പോഴാണു ടാറിങ് പൂർത്തിയാക്കി ഗതാഗതം അനുവദിക്കുന്നത്. ദേശീയപാത നിർമാണ കാലാവധി അടുത്ത വർഷം ‌അവസാനിക്കാനിരിക്കെ ജില്ലയിൽ 83 കിലോമീറ്റർ നീളത്തിൽ ദേശീയപാത ഉണ്ടായിട്ടും 6 കിലോമീറ്ററിൽ മാത്രമാണ് ഒരുഭാഗം ടാറിങ് ചെയ്യാനായത്. ദേശീയപാത വികസനത്തിൽ മറ്റു ജില്ലകളെക്കാൾ ആലപ്പുഴ ഏറെ പിന്നിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com