ADVERTISEMENT

ആലുവ∙ റെയിൽവേ സ്റ്റേഷനു മുന്നിൽ നിന്നു ഞായറാഴ്ച രാവിലെ 3 യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചൽ സ്വദേശി മുഹമ്മദ് റിയാസ്, കൊട്ടാരക്കര നിലമേൽ സ്വദേശി അൻവർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച കാർ ആദ്യം വാടകയ്ക്ക് എടുത്ത പത്തനംതിട്ട എആർ ക്യാംപിലെ എഎസ്ഐ സുരേഷ് ബാബു അടക്കം ഏതാനും പേരുടെ മൊഴി രേഖപ്പെടുത്തി. എഎസ്ഐയുടെ പക്കൽ നിന്നു മുഹമ്മദ് റിയാസ് വാടകയ്ക്ക് എടുത്ത കാർ പിന്നീട് അൻവറിനു കൈമാറി.

അൻവറാണു തട്ടിക്കൊണ്ടുപോകൽ സംഘത്തിനു കൊടുത്തത്.  ഇതിനിടെ മറ്റു ചിലരും ഈ കാർ ഉപയോഗിച്ചതായി പറയുന്നു. തിരുവനന്തപുരം കണിയാപുരത്തു നിന്നു പൊലീസ് കണ്ടെടുത്ത കാർ ആലുവയിൽ എത്തിച്ചു. കേസ് അന്വേഷണത്തിന് ആലുവ എസ്ഐ എസ്.എസ്. ശ്രീലാലിന്റെ നേതൃത്വത്തിൽ ആറംഗ പൊലീസ് സംഘം തിരുവനന്തപുരത്തെത്തി. കാറിൽ കണ്ടെത്തിയ ചോരത്തുള്ളികൾ, വിരലടയാളങ്ങൾ എന്നിവയുടെ ഫൊറൻസിക് പരിശോധനാ റിപ്പോർട്ടും ഒരു ഓട്ടോ ഡ്രൈവർക്കും ജ്യൂസ് കടക്കാരനും യുപിഐ വഴി പണം കൈമാറിയതിന്റെ വിവരങ്ങളും അടിസ്ഥാനമാക്കി നടത്തുന്ന ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളിൽ എത്തിച്ചേരാനാകുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. 

കേസിലെ പ്രതികളെയും ഇരകളെയും കണ്ടെത്താനായിട്ടില്ല എന്നതു ദുരൂഹത വർധിപ്പിക്കുന്നു. പരാതിക്കാർ ഇല്ലാത്തതിനാൽ സ്വർണക്കടത്ത്, കുഴൽപ്പണം, സാമ്പത്തിക തട്ടിപ്പ് ഇടപാടുകളുമായി ബന്ധപ്പെട്ട സംഘങ്ങളെയാണു സംശയിക്കുന്നത്. ഇത്തരം സംഭവങ്ങൾ പൊലീസിന്റെ മുന്നിലെത്തുമ്പോഴേക്കും ഇരുകൂട്ടരും തമ്മിൽ ധാരണയാകുന്നതാണ് ഇവരുടെ രീതി. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണ ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തു തട്ടിക്കൊണ്ടുപോകൽ നടന്നു. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ തട്ടിക്കൊണ്ടുപോകലിന് ഇരയായ കരുനാഗപ്പള്ളി സ്വദേശിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പരാതിയില്ലെന്നു പറഞ്ഞതിനെ തുടർന്ന് അന്വേഷണം നിലച്ചു.

തന്നെ ആരും തട്ടിക്കൊണ്ടുപോയില്ലെന്നാണ് അദ്ദേഹത്തിന്റെ മൊഴി. നാലംഗ സംഘം ഇദ്ദേഹത്തെ ബലംപ്രയോഗിച്ചു കാറിൽ കയറ്റിക്കൊണ്ടുപോകുന്നതു കണ്ട ഓട്ടോ തൊഴിലാളികളാണു പൊലീസിനെ അറിയിച്ചത്. തുടർന്നു സ്വമേധയാ കേസ് എടുക്കുകയായിരുന്നു. 3 പേരെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും പരാതിയുമായി ആരും രംഗത്തു വന്നിട്ടില്ല. നാട്ടുകാരാണു സംഭവം പൊലീസിനെ അറിയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com