ആലുവയിൽ പൊലീസ് പിടിച്ചിട്ടിരിക്കുന്ന തൊണ്ടി വണ്ടികൾ ടാറിങ് മുടക്കി
Mail This Article
ആലുവ∙ വിവിധ കേസുകളുമായി ബന്ധപ്പെട്ടു പൊലീസ് പിടിച്ചിട്ടിരിക്കുന്ന തൊണ്ടി വാഹനങ്ങൾ നീക്കാത്തതു മൂലം ആലുവ പൊലീസ് സ്റ്റേഷനോടു ചേർന്നുള്ള മുനിസിപ്പൽ റോഡിന്റെ ടാറിങ് മുടങ്ങി. 31നു മുൻപു ടാറിങ് നടത്തിയില്ലെങ്കിൽ തുക ലാപ്സാകും. 2 മജിസ്ട്രേട്ട് കോടതികൾ, മുൻസിഫ് കോടതി, സബ് ജയിൽ, സബ് ട്രഷറി, ഡിവൈഎസ്പി ഓഫിസ്, റൂറൽ ജില്ലാ സൈബർ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും ഒട്ടേറെ ജനവാസ മേഖലകളിലേക്കും പോകുന്ന റോഡാണിത്. വാഹനങ്ങൾ നീക്കിത്തരണമെന്ന് ആവശ്യപ്പെട്ടു നഗരസഭാ സെക്രട്ടറി പൊലീസ് ഇൻസ്പെക്ടർക്കു പലവട്ടം നോട്ടിസ് നൽകി.
നടപടി ഉണ്ടാകാതെ വന്നപ്പോൾ റൂറൽ എസ്പിയുടെ ശ്രദ്ധയിൽ പെടുത്തി. എന്നിട്ടും മാറ്റിയില്ല. റോഡ് കുഴികൾ അടച്ച് അറ്റകുറ്റപ്പണി നടത്തി ഇട്ടിരിക്കുകയാണ്. ടാറിങ് മാത്രമേ ബാക്കിയുള്ളൂ. തൊണ്ടി വാഹനങ്ങൾ സൂക്ഷിക്കാൻ ഇഎസ്ഐ ഡിസ്പെൻസറിക്കു സമീപം പൊലീസിനു സ്വന്തം സ്ഥലമുണ്ട്. അവിടേക്കു കൊണ്ടുപോകാതെ വാഹനങ്ങൾ റോഡിലിടുകയാണ് പതിവ്. ആലുവ–മൂന്നാർ റോഡിൽ തൊണ്ടി വാഹനങ്ങൾ അപകടകരമായ വിധത്തിലാണ് പാർക്ക് ചെയ്തിരിക്കുന്നത്. ആരും ചോദ്യം ചെയ്യുകയില്ല എന്ന ധാർഷ്ട്യമാണ് ഇക്കാര്യത്തിൽ പൊലീസ് അവലംബിക്കുന്നതെന്നു നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ കുറ്റപ്പെടുത്തി.