ADVERTISEMENT

വൈപ്പിൻ∙ അപ്രതീക്ഷിതമായി കടൽക്ഷോഭം ഉണ്ടാകുന്ന പശ്ചാത്തലത്തിൽ വൈപ്പിൻ തീരത്ത് കടൽഭിത്തി സുസജ്ജമാക്കണമെന്ന് ആവശ്യം. കഴിഞ്ഞ ദിവസങ്ങളിൽ  ചെറിയ തോതിൽ കടൽ കയറ്റം ഉണ്ടായപ്പോൾ തന്നെ പലയിടത്തും ജനവാസ മേഖലകളിലേക്കു വരെ വെള്ളം എത്തിയിരുന്നു.കാലവർഷം ശക്തമാകുന്ന സമയത്ത് സ്ഥിതി ഗുരുതരമാകുമെന്നതിന്റെ സൂചനയാണിതെന്ന് തീരദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. മുൻവർഷങ്ങളിലും  കടൽകയറ്റം ശക്തമായിരുന്നുവെങ്കിലും ജിയോ ബാഗ് ഭിത്തി  സ്ഥാപിക്കുന്നതു പോലുള്ള താൽക്കാലിക നടപടികളാണ് പലയിടത്തും നടത്തിയിട്ടുള്ളത്. ഒട്ടേറെ സ്ഥലങ്ങളിൽ ഇപ്പോഴും കടൽഭിത്തി തകർന്നു കിടക്കുകയാണ്.

 മുൻപ് രൂക്ഷമായ തോതിൽ  കടൽകയറ്റം ഉണ്ടായിട്ടുള്ള വെളിയത്താംപറമ്പ് ബീച്ചിലും മറ്റും അടുത്തിടെ സുസജ്ജമായ  രീതിയിൽ ജിയോ ബാഗ് ഭിത്തി  സ്ഥാപിച്ചിരുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി വീതിയും ഉയരവും വർധിപ്പിച്ചാണ് ജിയോ ബാഗുകൾ അടക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം  കടൽകയറ്റം ഉണ്ടായപ്പോൾ ഇത് തുണയാവുകയും ചെയ്തു. എന്നാൽ ജിയോ ബാഗ് ഭിത്തി ശാശ്വത പരിഹാരം അല്ലെന്ന് തീരദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. കടൽ കയറ്റത്തിൽ  താഴെയുള്ള മണൽ ഒലിച്ചു പോകുന്നതോടെ ജിയോ ബാഗുകൾ താഴേക്ക് ഇരിക്കും. 

നേരത്തെ സ്ഥാപിച്ച പലയിടങ്ങളിലും ഇവ മണലിൽ പുതിഞ്ഞ് അപ്രത്യക്ഷമായി കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല മാസങ്ങളോളം കടുത്ത വെയിലും മഴയും ഉപ്പുകാറ്റും എല്ലാം ഏൽക്കുന്നതോടെ  ജിയോ ബാഗുകൾ പൊട്ടി നശിക്കാനും സാധ്യത ഏറെയാണ്. വെളിയത്താംപറമ്പിലും മറ്റും ഇപ്പോൾ ഭിത്തി  മികച്ച അവസ്ഥയിലാണെങ്കിലും  കാലവർഷം എത്തുമ്പോൾ ഇതായിരിക്കില്ല സ്ഥിതിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ കടൽ കയറ്റ സാധ്യത ഏറെയുള്ള സ്ഥല സ്ഥലങ്ങളിലെങ്കിലും  കരിങ്കൽഭിത്തി  സജ്ജമാക്കണമെന്നാണ് ആവശ്യമുയരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com