ADVERTISEMENT

പെരുമ്പാവൂർ ∙ ഭായിത്തെരുവ് ശൂന്യമാകുന്ന തിരഞ്ഞെടുപ്പു കാലമാണ് വരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അതിഥിത്തൊഴിലാളികൾ കൂട്ടമായി നാട്ടിലേക്കു പോയിത്തുടങ്ങി. ഈദുൽ ഫിത്ർ ആഘോഷവും കണക്കിലെടുത്താണ് പലരും വണ്ടി കയറിയത്. ഒരു മാസം കഴിഞ്ഞായിരിക്കും അവരുടെ മടക്കം.

അസം, ഒഡീഷ, ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് ഏറ്റവും കൂടുതലുള്ളത്. ഇവരിൽ ഭൂരിഭാഗവും മരവ്യവസായ മേഖലയിലാണ് പണിയെടുക്കുന്നതെന്ന് സോപ്മ ജില്ലാ പ്രസിഡന്റ് മുജീബ് റഹ്മാൻ പറഞ്ഞു. നിർമാണമേഖല, അരിമില്ലുകൾ, ഹോട്ടലുകൾ എന്നിവയിൽ 50000–60000 തൊഴിലാളികൾ വരും.

പൗരത്വനിയമവുമായി ബന്ധപ്പെട്ട പ്രതിഷേധം നിലനിൽക്കുന്നതിനാൽ മിക്ക തൊഴിലാളികളും ഇക്കുറി വോട്ട് ചെയ്യാൻ പോകുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ സമ്മർദവും പൗരത്വം നഷ്ടപ്പെടുമോയെന്ന ആശങ്കയും ഇവർക്കുണ്ട്. വോട്ട് ചെയ്തില്ലെങ്കിൽ പൗരത്വം നഷ്ടമാകുമെന്നുവരെ വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. ഇതുവരെ തിരഞ്ഞെടുപ്പു കാലത്ത് പോകാതിരുന്നവർ വരെ ഇക്കുറി നാട്ടിലേക്കു പോകുന്നുണ്ട്.

lok-sabha-election-vote-guest-worker1
പെരുമ്പാവൂരിലെ ഭായിത്തെരുവ് (ഫയൽ ചിത്രം)

തൊഴിലിടം സ്തംഭിക്കും
അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്കു പോകുന്നതോടെ വിവിധ തൊഴിൽ മേഖല സ്തംഭിക്കും. തൊഴിലാളികളിൽ 60–70 % ഈ മാസം പകുതിയോടെ നാട്ടിലേക്കു പോകും. വോട്ട്‌ വണ്ടിയുടെ യാത്ര ഏറ്റവും അധികം ബാധിക്കുന്നത് മരവ്യവസായത്തെയാണ്.

പെരുമ്പാവൂരിന് 40 കിലോമീറ്റർ ചുറ്റളവിൽ 1500 മരവ്യവസായ സ്ഥാപനങ്ങളുണ്ട്. ഇവയിൽ ജോലിയെടുക്കുന്നവരിൽ 80 % തൊഴിലാളികളും അതിഥിത്തൊഴിലാളികളാണ്. മരം വെട്ടുന്നവരും അതിഥിത്തൊഴിലാളികളായതിനാൽ അസംസ്കൃത വസ്തുക്കളുടെ വരവും കുറയും. ഇത് വ്യവസായത്തെ പ്രതിസന്ധിയിലാക്കുമെന്ന് മുജീബ് റഹ്മാൻ പറഞ്ഞു. നിർമാണ മേഖലയിലും പകുതിയോളം ഇതരസംസ്ഥാന തൊഴിലാളികളാണ്. അരിമില്ലുകൾ, ഹോട്ടലുകൾ എന്നിവയിലെല്ലാം അസം,ബിഹാർ, ബംഗാൾ, ഒഡീഷ സ്വദേശികളാണ്.

sq-lok-sabha-election-vote-guest-worker

കന്നി വോട്ടിന് നിസാമുദീൻ
പെരുമ്പാവൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യ വോട്ട് രേഖപ്പെടുത്താൻ അസം സ്വദേശി നിസാമുദീൻ (32) 11ന് നാട്ടിലേക്കു വണ്ടി കയറും. വോട്ടർപട്ടികയിൽ പേരു ചേർത്തിട്ടു വർഷങ്ങളായെങ്കിലും ലോക്സഭയിലേക്ക് കന്നി വോട്ടാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുൻപ് വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

പെരുമ്പാവൂർ ഔഷധി ജംക്‌ഷനിലെ കാർത്തിക റസ്റ്ററന്റിലെ സപ്ലൈയറാണ് നിസാമുദീൻ. വർഷങ്ങളായി പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ചായക്കടകളിലും പലചരക്കു കടകളിലുമായി ജോലി ചെയ്യുകയാണ്.

വോട്ട് രേഖപ്പെടുത്താൻ നാട്ടിലെത്താൻ നിർദേശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 19നാണ് വോട്ടെടുപ്പ്. ആർക്ക് വോട്ട് ചെയ്യണമെന്ന് നിസാമുദീന് കൃത്യമായ ധാരണയുണ്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം കേരളത്തിലെ ജോലി സ്ഥലത്തേക്കു മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com