തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാന ഇപ്പോഴും കാട്ടാനക്കൂട്ടത്തിന്റെ സംരക്ഷണത്തിൽ; ആശ്രയമില്ലാതെ വെള്ളം കുടിക്കുന്നുണ്ട്
Mail This Article
അങ്കമാലി ∙ തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാന ഇപ്പോഴും കാട്ടാനക്കൂട്ടത്തിന്റെ സംരക്ഷണത്തിൽ. കുട്ടിയാന ആനക്കൂട്ടത്തോടൊപ്പം പുഴയിൽ വെള്ളം കുടിക്കാൻ എത്തുന്നുണ്ട്. പ്ലാന്റേഷൻ കോർപറേഷൻ അതിരപ്പിള്ളി എസ്റ്റേറ്റ് പതിനേഴാം ബ്ലോക്കിലാണ് തുമ്പിക്കൈ ഇല്ലാതെ ഒരു വർഷം മുൻപ് കുട്ടിയാനയെ കണ്ടത്. അന്ന് കുട്ടിയാനയെ കാണുമ്പോൾ തീറ്റയെടുക്കാൻ കഴിയാതെ കുട്ടിയാന ഉടനെതന്നെ ചത്തുപോകാമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ കുട്ടിയാന അതിജീവിച്ചു. ആശ്രയമില്ലാതെ വെള്ളം കുടിക്കുന്നുണ്ട്.
പുഴയിൽ മറ്റ് കുട്ടിയാനകൾക്കൊപ്പം നീന്തുകയും ഓടിക്കളിക്കുകയും ചെയ്യുന്നു. തുമ്പിക്കൈ ഇല്ലാതെ കണ്ടപ്പോൾ മുതൽ കുട്ടിയാനയോടൊപ്പം എപ്പോഴും അമ്മയുണ്ട്. കുട്ടിയാനയെ പിടികൂടി ചികിത്സിക്കാൻ വനംവകുപ്പ് നടത്തിയ ശ്രമങ്ങളെല്ലാം ഫലവത്തായിരുന്നില്ല. തള്ളയാനയെ അകറ്റി കുട്ടിയാനയുടെ അടുത്തേക്കു ചെല്ലുക പ്രയാസമായിരുന്നു. അകലെ നിന്നു വിഡിയോ എടുത്തു വിശകലനം നടത്താൻ മാത്രമേ വനംവകുപ്പിനു കഴിഞ്ഞിട്ടുള്ളു.
തുമ്പിക്കൈക്ക് എന്ത് സംഭവിച്ചു എന്നതു സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ ധാരണയില്ല. അപകടത്തിൽ തുമ്പിക്കൈ നഷ്ടപ്പെട്ടതാണെന്നാണു പൊതുവേയുള്ള ധാരണ. ഇന്നലെ ഏഴാറ്റുമുഖം ചെക്പോസ്റ്റിനു സമീപം തോട്ടത്തിൽ ഒറ്റക്കൊമ്പുള്ള കാട്ടാനയിറങ്ങി.രാവിലെ 6 മണിയോടെയാണു കാട്ടാനയിറങ്ങിയത്. കാട്ടാനകൾ തമ്മിൽ കുത്തുകൂടുമ്പോഴൊ മരം കുത്തിമറിക്കാൻ ശ്രമിക്കുന്നതിനിടെയോ ആകാം കാട്ടാനയുടെ ഒരു കൊമ്പ് നഷ്ടമായതെന്നാണു നിഗമനം.