പെരുംതിരക്കിൽ കുരുങ്ങി പെരുമ്പാവൂർ; രാവിലെ തുടങ്ങിയ തിരക്കിന് അയവു വന്നത് ഉച്ചയോടെ
Mail This Article
പെരുമ്പാവൂർ ∙ അവധി കഴിഞ്ഞെത്തിയ പകലിൽ നഗരം വാഹനത്തിരക്കിൽ കുരുങ്ങി. ബദൽ റോഡുകളില്ലാത്ത നഗരത്തിൽ രാവിലെ തുടങ്ങിയ തിരക്കിന് ഉച്ചയോടെയാണ് അയവു വന്നത്. എഎം റോഡിലും എംസി റോഡിലും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ഭാരവാഹനങ്ങളും ചെറുവാഹനങ്ങളും ഒരു പോലെ നിരത്തിലിറങ്ങിയതോടെ ഏറെ നേരം കാത്തു കിടക്കേണ്ട അവസ്ഥയായി. നഗരത്തിലൂടെ പ്രധാന റോഡുകളായ എഎം റോഡിലും എംസി റോഡിലുമാണ് കുരുക്കു രൂപപ്പെട്ടതെങ്കിലും പിപി റോഡ്, കെ.ഹരിഹരയ്യർ റോഡ് എന്നിവിടങ്ങളിലേക്കു കുരുക്കു നീണ്ടു.
ഓരോ ജംക്‌ഷനുകളിലും രണ്ടും മൂന്നും പൊലീസുകാർ നിന്നാണു ഗതാഗത നിയന്ത്രിച്ചത്. തിരക്കുണ്ടായാൽ തിരിച്ചു വിടാൻ മറ്റു വഴികളില്ലാത്തതാണു നഗരം നേരിടുന്ന വെല്ലുവിളി. എഎം റോഡും എംസി റോഡും പിപി റോഡുമല്ലാതെ വലിയ റോഡുകൾ ഇല്ല. കെ.ഹരിഹരയ്യർ, കല്ലുങ്കൽ റോഡ്, തോട്ടുങ്കൽ റോഡ്, കാളച്ചന്ത റോഡ്, ലൈബ്രറി റോഡ്, ജി.കെ.പിള്ള റോഡ് തുടങ്ങിയവയാണ് നഗരത്തിനുള്ളിലെ ലിങ്ക് റോഡുകൾ. പ്രധാന റോഡുകളിൽ വാഹനങ്ങൾ സ്തംഭിച്ചാൽ ഈ റോഡുകളും സ്തംഭിക്കും.
ടൗണിലെ തിരക്ക് കുറയ്ക്കാൻ ആവിഷ്കരിച്ച ടൗൺ ബൈപാസ് റോഡ് ടെൻഡർ ഘട്ടത്തിൽ എത്തിയിട്ടേയുള്ളു. തിരഞ്ഞെടുപ്പിനു ശേഷം നിർമാണം തുടങ്ങുമെന്നാണ് കരുതുന്നത്. എങ്കിലും 2 വർഷമെങ്കിലുമെടുക്കും നിർമാണം പൂർത്തിയാകാൻ. നഗരം ചുറ്റിയുള്ള റിങ് റോഡ്, ഇരിങ്ങോൾ– വല്ലം ബൈപാസ് റോഡ് പദ്ധതികളും കടലാസിൽ ഒതുങ്ങുകയാണ്.