തുറവൂർ–അരൂർ 12.75 കിലോമീറ്റർ ഒറ്റത്തൂൺ ഉയരപ്പാത; സുരക്ഷാസംവിധാനങ്ങൾ ഉപയോഗിക്കാത്തത് പാളിച്ച
Mail This Article
അരൂർ ∙ തുറവൂർ–അരൂർ ഉയരപ്പാത നിർമാണത്തിനിടെ സുരക്ഷാ സംവിധാനങ്ങൾ വേണ്ടവിധം വിനിയോഗിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു. തുറവൂർ മുതൽ അരൂർ വരെ 12.75 കിലോമീറ്ററിലാണ് ഒറ്റത്തൂണിലുള്ള ഉയരപ്പാത വരുന്നത്. തൊഴിലാളികൾ സുരക്ഷാ ഉപകരണങ്ങൾ ശരിയായ വിധത്തിൽ ധരിക്കാറില്ല. സുരക്ഷാബെൽറ്റ് നിലവിൽ ധരിക്കുന്നുണ്ട്. എന്നാൽ പലരും തൂണുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിട്ടുള്ള കമ്പിയിൽ ഹുക്ക് ഘടിപ്പിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു.
കൂടാതെ സുരക്ഷാ വലകൾ സ്ഥാപിക്കുന്നതിനും കരാറുകാർ തയാറായിട്ടില്ലെന്നാക്ഷേപമുണ്ട്. ആറുമാസം മുൻപ് ചന്തിരൂരിൽ ക്രെയിൻ ഉപയോഗിച്ച് ഇരുമ്പ് പൈപ്പ് ഉയർത്തുന്നതിനിടെ ദേഹത്ത് തട്ടി ഒരു തൊഴിലാളി മരിച്ചിരുന്നു. ഒരുമാസം മുൻപ് തുറവൂരിൽ ഗർഡർ ജോലി സ്ഥാപിക്കുന്നതിനിടെ വീണ്ടും മരണം ഉണ്ടായി. ഇന്നലെ ഇരുമ്പ് ചട്ടക്കൂട് സ്ഥാപിക്കുമ്പോൾ ഇരുമ്പ് പാളി ദേഹത്ത് വീണു ബിഹാർ സ്വദേശി സെയ്ദ് അലാം(29) മരിച്ചതോടെ മരണം മൂന്നായി.
ക്രെയിൻ ഓപ്പറേറ്ററുടെ അനാസ്ഥയെന്ന് തൊഴിലാളികൾ
അരൂർ∙ ക്രെയിൻ ഓപ്പറേറ്ററുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് തൊഴിലാളികൾ. സംഭവം നടക്കുമ്പോൾ 6 തൊഴിലാളികൾ താഴെയും മുകളിൽ മരണപ്പെട്ട സെയ്ദ് അലാം ഉൾപ്പെടെ 3 പേരുമുണ്ടായിരുന്നു.ഇന്നലെ രാവിലെ മുതൽ തുടങ്ങിയ ജോലിയിൽ പിയർ ക്യാപിന്റെ ഇരുമ്പ് പാളി സ്ഥാപിക്കുമ്പോഴായിരുന്നു അപകടം. ഈ സമയം ക്രെയിൻ ഓപ്പറേറ്റർ ഉത്തർപ്രദേശ് സ്വദേശി അമിത് കുമാർ മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് ക്രെയിൻ നിയന്ത്രിച്ചതാണ് അപകടങ്ങൾക്ക് കാരണമെന്നാണ് തൊഴിലാളികൾ പറയുന്നത്. ക്രെയിനിന്റെ ഹുക്കിൽ നിന്നു വേർപെട്ട ഇരുമ്പ് പാളി ചരിയുകയായിരുന്നു.