ചൂടത്ത് കറന്റില്ല ചൂടായി നാട്ടുകാർ
Mail This Article
കൊച്ചി ∙ രാത്രിയിൽ വൈദ്യുതി നിലച്ചതിനെ തുടർന്നു രോഗിയായ ഭാര്യയെയും കൂട്ടി ഗൃഹനാഥൻ പാലാരിവട്ടം കെഎസ്ഇബി ഓഫിസിൽ കിടന്നുറങ്ങി പ്രതിഷേധിച്ചത് അടുത്തിടെയാണ്. വൈദ്യുതി തടസ്സം പതിവായതോടെ നിവൃത്തികേടുകൊണ്ടായിരുന്നു പോണേക്കര സ്വദേശി പരമേശ്വരന്റെയും ഭാര്യയുടെയും സമരം. രാത്രിയിൽ വൈദ്യുതി മുടങ്ങുന്നതു പതിവായതോടെ കൊച്ചിക്കാരിൽ പലരും സമാനമായ അവസ്ഥയിലൂടെയാണു കടന്നു പോകുന്നത്.
തമ്മനം, കൂത്താപ്പാടി, അഞ്ചുമുറി ഉൾപ്പെടെ പല സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുന്നതു പതിവാണെന്ന് ആരോപിച്ച് 45–ാം ഡിവിഷൻ കൗൺസിലർ സക്കീർ തമ്മനം വൈറ്റില കെഎസ്ഇബി ഓഫിസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. തിങ്കളാഴ്ച രാത്രിയിൽ വൈറ്റില ജനതയുടെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങി. രാത്രിയോടെ നിലച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതു പുലർച്ചെ മൂന്നിനാണ്.
കടുത്ത വേനലിൽ കൊടും ചൂടിൽ വൈദ്യുതിയും നിലയ്ക്കുന്നതോടെ കിടന്നുറങ്ങാൻ ആകാത്ത അവസ്ഥയിലാണു നാട്ടുകാർ. കാറ്റു കയറാനായി ജനൽ പാളികൾ തുറന്നിട്ടാൽ കയറി വരുന്നതു കൊതുകാണ്. കുട്ടികളുടെ കാര്യമാണ് ഏറെ കഷ്ടം. ചൂടു സഹിക്കാൻ വയ്യാതെ കുട്ടികൾ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണരും. അതോടെ അച്ഛനമ്മമാരുടെ ഉറക്കവും പോകും.
ചൂട് കൂടിയതോടെ വീടുകളിൽ രാത്രിയിൽ എസി ഉപയോഗം കൂടിയെന്നും ഇതു മൂലം ലോഡ് കൂടിയാണു വൈദ്യുതി ബന്ധം നിലയ്ക്കുന്നതെന്നുമാണു കെഎസ്ഇബി അധികൃതരുടെ വാദം. വൈദ്യുതി ഉപയോഗം ട്രാൻസ്ഫോമറുകളുടെ ശേഷിക്കു മുകളിലാകുമ്പോൾ സാങ്കേതിക തകരാറുണ്ടാകുകയും വൈദ്യുതി നിലയ്ക്കുകയും ചെയ്യുന്നതാണു പ്രശ്നം. ശേഷി കൂടിയ കൂടുതൽ ട്രാൻസ്ഫോമറുകൾ എത്തിച്ചു പ്രശ്നം പരിഹരിക്കാൻ കെഎസ്ഇബി അധികൃതർ നടപടികൾ തുടങ്ങിയിട്ടുണ്ട്.
തമ്മനം മേഖലയിൽ വൈദ്യുതി തടസ്സം പതിവായിരിക്കുകയാണെന്നും പ്രശ്നം പരിഹരിക്കാൻ തെരുവു വിളക്കുകൾ ഓഫാക്കുകയാണു ചെയ്യുന്നതെന്നും കൗൺസിലർ സക്കീർ തമ്മനം ആരോപിച്ചു. തെരുവു വിളക്കുകൾ ഓഫാക്കുന്നതു മൂലം വഴിയാത്രക്കാർ ബുദ്ധിമുട്ടനുഭവിക്കുകയാണ്.പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കാനായി സ്ഥലം കണ്ടെത്തി നൽകിയിട്ട് മാസങ്ങളായിട്ടും നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.